മദീനയിൽ മരിച്ച മുഴുവൻ തീർഥാടകരുടെയും ബന്ധുക്കൾ സൗദിയിൽ എത്തി; ഡിഎൻഎ സാംപിൾ പരിശോധന തുടങ്ങി

മദീന: സൗദി അറേബ്യയിലെ മദീനയിൽ ബസ് അപകടത്തിൽ മരിച്ച 45 പേരുടെ ഡിഎൻഎ പരിശോധനക്ക് തുടക്കമായി. മരിച്ചവരുടെ നാട്ടിൽനിന്നെത്തിയ ബന്ധുക്കളിൽനിന്ന് ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് മരിച്ചവരുടെ സാംപിളുകളുമായി ഒത്തുനോക്കുന്ന പരിശോധനക്ക് തുടക്കമായി.

സാംപിളുകൾ റിയാദിലേക്ക് അയച്ചു. പരിശോധന ഫലം പുറത്തുവന്ന ശേഷം മൃതദേഹങ്ങൾ മറവു ചെയ്യുന്ന നടപടികൾക്ക് തുടക്കമാകും. ഈ ആഴ്ച തന്നെ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ മറവു ചെയ്യുന്ന നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കമ്യൂണിറ്റി വെൽഫെയർ മെമ്പറും കെഎംസിസി വെൽഫെയർ ആൻഡ് മെഡിക്കൽ കോഓർഡിനേറ്ററുമായ ഷഫീഖ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസ് മദീനക്ക് സമീപം ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് 45 പേർ മരിച്ചത്. ബസിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും അപകടത്തിൽ മരിച്ചിരുന്നു. 

തെലങ്കാന സർക്കാർ ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിൽ മദീനയിലേക്ക് അയച്ച പ്രതിനിധി സംഘം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ഏകോപിപ്പിച്ച് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. അപകടത്തിൽ മരിച്ച മുഴുവൻ തീർഥാടകരുടെയും ബന്ധുക്കൾ മദീനയിൽ എത്തിയിട്ടുണ്ട്.

Share
error: Content is protected !!