വിദേശ നിക്ഷേപം കൂട്ടാൻ ദേശീയ നിക്ഷേപ നിധി: 6 വർഷത്തിനകം 24,000 കോടി

അബുദാബി: വിദേശ നിക്ഷേപം ഇരട്ടിയിലേറെയാക്കാൻ ലക്ഷ്യമിട്ട് ദേശീയ നിക്ഷേപ നിധി (നാഷനൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട്) പ്രഖ്യാപിച്ച് യുഎഇ. ദേശീയ വികസനത്തിന് 3670 കോടി ദിർഹത്തിന്റെ ഫണ്ടാണ് ആദ്യഘട്ടത്തിൽ ആകർഷിക്കുകയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രഖ്യാപനം.

നിലവിലെ വിദേശ നിക്ഷേപം 11,500 കോടി ദിർഹത്തിൽനിന്ന് 6 വർഷത്തിനകം 24,000 കോടി ദിർഹമാക്കി ഉയർത്തുകയാണ് ലക്ഷ്യം. ആകർഷക സാമ്പത്തിക പാക്കേജുകൾ വഴി നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കും.

ഇതേ വർഷം മൊത്തം നീക്കിയിരിപ്പ് 80,000 കോടിയിൽ 2.2 ട്രില്യൻ ദിർഹമാക്കി ഉയർത്താനും പദ്ധതിയുണ്ട്. വ്യാവസായിക മേഖലയുടെ ജിഡിപി സംഭാവന 2031ഓടെ 30,000 കോടി ദിർഹമാക്കും. ഈ മേഖലയിൽ രാജ്യത്തിന്റെ നിക്ഷേപം 11,000 കോടി ദിർഹം കവിഞ്ഞു. 5 വർഷത്തിനിടെ 224% വർധന. 

കയറ്റുമതി 19,799 കോടിയിലെത്തി. യുഎഇയുടെ ജിഡിപിയിൽ വ്യവസായ മേഖലയുടെ സംഭാവന 21,000 കോടി ദിർഹമാണ്. 6 വർഷത്തിനകം ഇത് 30,000 കോടിയിൽ എത്തിക്കാനാണ് ശ്രമം. 70 സർക്കാർ സംരംഭങ്ങളുടെ പിന്തുണയോടെ ദേശീയ ഐഡന്റിറ്റി സ്ട്രാറ്റജിയും മന്ത്രിസഭ സ്വീകരിച്ചു.

Share
error: Content is protected !!