പണയം തിരിച്ചെടുപ്പിച്ചു, പാസ്‌പോർട്ട് തിരികെ നൽകി: ‘വെട്ടിലായി’ നേതാവ്; 10 ലക്ഷം തട്ടിയ യുവതി വിദേശത്തേക്ക് ‘മുങ്ങി’

തൃശൂർ: മറ്റൊരു ധനകാര്യ സ്ഥാപനത്തിലെ സ്വർണപ്പണയ വായ്പ പാട്ടുരായ്ക്കൽ സിഎസ്ബി ശാഖയിലേക്കു മാറ്റാമെന്നു വാഗ്ദാനം ചെയ്തു ബാങ്കിൽ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി വിദേശത്തേക്കു കടന്നതായി സൂചന. കാളത്തോടു സ്വദേശിനിയാണു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്.

യുവതിയുടെ പാസ്പോർട്ട് അടക്കം തിരിച്ചറിയൽ രേഖകൾ ബാങ്ക് അധികൃതരുടെ കൈവശമായിരുന്നെങ്കിലും സിപിഎം പ്രാദേശിക നേതാവിന്റെ മധ്യസ്ഥതയിൽ രേഖകൾ വിട്ടുനൽകിയിരുന്നു. എന്നാൽ, യുവതി വിദേശത്തേക്കു കടന്നതോടെ നേതാവടക്കം വെട്ടിലായി.

തന്റെ മാതാവിന്റെ പേരിൽ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 146 ഗ്രാം സ്വർണം പണയം വച്ചിട്ടുണ്ടെന്നും പലിശ വളരെ കൂടുതലായതിനാൽ സിഎസ്ബിയിലേക്കു വായ്പ മാറ്റാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു ബാങ്കിലെത്തിയ യുവതിയാണു 10 ലക്ഷം രൂപ തട്ടിച്ചെടുത്തു മുങ്ങിയത്. സ്വകാര്യ സ്ഥാപനത്തിലെ വായ്പാത്തുകയായ 10 ലക്ഷം രൂപ യുവതിയുടെ അക്കൗണ്ടിലേക്കു ബാങ്ക് മാറ്റി നൽകി.

ഈ തുക ഉപയോഗിച്ചു വായ്പ തീർത്തു സ്വർണം തിരിച്ചെടുത്ത ശേഷം സിഎസ്ബിയിൽ ഗോൾഡ് ലോൺ തുറക്കുമെന്നായിരുന്നു ധാരണ. എന്നാൽ, പണം അക്കൗണ്ടിൽ ലഭിച്ചതിനു പിന്നാലെ യുവതി ഈ തുക മറ്റു രണ്ട് അക്കൗണ്ടുകളിലേക്കു മാറ്റിയ ശേഷം സ്ഥലംവിട്ടു. ബാങ്കിന്റെ ഗോൾഡ് ലോൺ ഓഫിസർ ശനിയാഴ്ച പൊലീസിനു പരാതി നൽകി.

കേസെടുക്കുന്നതിനു മുൻപു രാഷ്ട്രീയ നേതാവെത്തി പാസ്പോർട്ട് അടക്കമുള്ള രേഖകൾ തിരിച്ചുവാങ്ങി യുവതിക്കു നൽകുകയും പണം ബാങ്കിലടയ്ക്കണമെന്ന ധാരണയിലെത്തിക്കുകയും ചെയ്തെന്നാണു വിവരം. എന്നാൽ, പാസ്പോർട്ട് കയ്യിൽ കിട്ടിയതോടെ യുവതി വിദേശത്തേക്കു കടന്നു.

Share
error: Content is protected !!