തട്ടിപ്പും വെട്ടിപ്പും ഇനി നടക്കില്ല, അടിമുടി മാറാൻ ഇ- പാസ്‌പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. അത്യാധുനിക സുരക്ഷാ സവിശേഷതകളുള്ള അടുത്ത തലമുറ ഇ-പാസ്പോര്‍ട്ടുകള്‍ രാജ്യത്ത് പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ കീഴിലാണ് പാസ്‌പോര്‍ട്ടിന്റെ സ്വഭാവം അടിമുടി മാറാനൊരുങ്ങുന്നത്. എന്‍ക്രിപ്റ്റ് ചെയ്ത ബയോമെട്രിക് ഡാറ്റ സുരക്ഷിതമായി സംഭരിക്കുന്ന എംബഡഡ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) ചിപ്പുകള്‍ ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളാണ് ഇനി പ്രചാരത്തിലുണ്ടാവുക.

ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇതു സഹായിക്കും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) മാനദണ്ഡങ്ങള്‍ക്ക് അനിസൃതമായാണ് മാറ്റങ്ങള്‍. ഇതിലൂടെ തട്ടിപ്പ്, കൃത്രിമം, പാസ്‌പോര്‍ട്ടിനുണ്ടാകുന്ന തേയ്മാനം എന്നിവ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്റര്‍ലോക്കിംഗ് മൈക്രോലെറ്ററുകള്‍, റിലീഫ് ടിന്റുകള്‍ എന്നിവയും പുതിയ പാസ്പോര്‍ട്ടിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പുതുതായി ഇഷ്യൂ ചെയ്യുന്ന എല്ലാ പാസ്പോര്‍ട്ടുകളും ഇ-പാസ്പോര്‍ട്ടുകളായിരിക്കും.

നിലവില്‍ ഇലക്ട്രോണിക് അല്ലാത്ത പാസ്പോര്‍ട്ടുകള്‍ അവയുടെ കാലാവധി തീരുന്നത് വരെ സാധുവായി തുടരും. 2035 ജൂണോടെ ഇ-പാസ്പോര്‍ട്ടുകളിലേക്ക് പൂര്‍ണ്ണമായി മാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതുക്കിയ ഈ സംവിധാനം പാസ്പോര്‍ട്ട് തട്ടിപ്പ് വ്യാപകമായി കുറയ്ക്കാന്‍ സഹായിക്കുമെന്നും ഒരാള്‍ ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ കൈവശം വെക്കുന്നത് തടയുമെന്നും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപേക്ഷകന്റെ ബയോമെട്രിക് ഡാറ്റ ഒരു കേന്ദ്ര സെര്‍വറില്‍ പരിശോധിക്കുകയും അപേക്ഷകന്റെ പേരില്‍ നിലവിലുള്ള പാസ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ കണ്ടെത്തുകയും ചെയ്യുന്ന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷന്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ സംവിധാനം ഡിജി ലോക്കര്‍, ആധാര്‍, പാന്‍ എന്നിവയുമായി സംയോജിപ്പിച്ചിട്ടുണ്ട്.

Share
error: Content is protected !!