ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം: ഇന്‍ഷൂറന്‍സ് കമ്പനി 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകും. ഇൻഷൂറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വടകര എംഎസിടി കോടതി ഉത്തരവിട്ടു. 1.15 കോടി രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണായകമായത്.
ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ അപകടം നടന്ന് പത്ത് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. പിന്നാലെ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് മാതാപിതാക്കള്‍ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.


