ലണ്ടനിൽ താരമായി ഷെയ്ഖ് മുഹമ്മദ്; ഹൈഡ് പാർക്കിലെ സായാഹ്ന സവാരികൾ മുതൽ ഷോപ്പിങ് വരെ

ദുബായ് / ലണ്ടൻ ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ലണ്ടൻ നഗര സന്ദർശന വിശേഷങ്ങൾ ശ്രദ്ധേയമാകുന്നു. ഹൈഡ് പാർക്കിലെ സായാഹ്ന സവാരികൾ മുതൽ നൈറ്റ്‌സ്ബ്രിജിലെ ഷോപ്പിങ് യാത്രകൾ വരെ ലണ്ടനുമായുള്ള അദ്ദേഹത്തിന്റെ  അടുത്ത ബന്ധം വ്യക്തമാക്കുന്നതാണ് ഈ സന്ദർശനങ്ങൾ.

ഈ വർഷത്തെ വേനൽക്കാലത്ത് അദ്ദേഹം ആഡംബര ഡിപ്പാർട്ട്‌മെന്റ് സ്റ്റോറായ ഹാരഡ്‌സിൽ എത്തിയിരുന്നു. ഇവിടെ എമിറാത്തി സംരംഭകയായ അമാൽ അൽ മറിയും സൗദി ബിസിനസുകാരി ദീം അൽ ബസവും ചേർന്ന് സ്ഥാപിച്ച ‘സംവേർ കഫേ’ അദ്ദേഹം സന്ദർശിച്ചു. കഴിഞ്ഞ ഡിസംബറിൽ ലണ്ടനിൽ പ്രവർത്തനം ആരംഭിച്ച ഈ കഫേയുടെ വളരുന്ന രാജ്യാന്തര സാന്നിധ്യം ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനത്തിലൂടെ ലോകശ്രദ്ധ നേടി.

∙ യുഎഇയുടെ സ്വന്തം റസ്റ്ററന്റുകൾ ലണ്ടനിലും
ഷെയ്ഖ് മുഹമ്മദിന്റെ ലണ്ടൻ സന്ദർശനം പലപ്പോഴും യുഎഇയുടെ സ്വന്തം സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ്.  2024ൽ ജുമൈറ ലോൺഡെസ് ഹോട്ടലിൽ തുറന്ന ‘പാർക്കേഴ്സ്’ റസ്റ്ററന്റിലെ ആദ്യത്തെ ഔദ്യോഗിക അതിഥി ഷെയ്ഖ് മുഹമ്മദായിരുന്നു. ദുബായിൽ ആരംഭിച്ച ഈ പ്രശസ്തമായ എമിറാത്തി റസ്റ്ററൻ്റ്, റൊണാൾഡ് ഡാൽ എഴുതിയ ‘മാറ്റിൽഡ’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ‘മാറ്റിൽഡ കേക്ക്’ എന്ന വിഭവത്തിന് പേരുകേട്ടതാണ്. സാഡിൽ ലണ്ടൻ, നൈറ്റ്‌സ്ബ്രിഡ്ജ്: എമിറാത്തി സംരംഭകൻ മുഹമ്മദ് എം. അൽ ഫലാസി 2017ൽ ഒരു കോഫി ട്രക്കായി തുടങ്ങി, പിന്നീട് ആഗോള കോഫി ശൃംഖലയായി വളർന്ന സാഡിൽ കഫേയിലും അദ്ദേഹം എത്തിയിരുന്നു. ഇന്ന് റിയാദ്, കാൻസ്, സെന്റ് ട്രോപ്പെസ് ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലായി 21 ശാഖകൾ സാഡിലിനുണ്ട്.

 കഴിഞ്ഞ വർഷം ഷെയ്ഖ് മുഹമ്മദ് ഹാരഡ്‌സിലെത്തിയപ്പോൾ എമിറാത്തി ഡിസൈനറായ ശാത്ത എസ്സ അൽ മുല്ലയെ അവരുടെ റീട്ടെയിൽ വിഭാഗത്തിൽ കണ്ടിരുന്നു. തനിക്ക് ലഭിച്ച നിസ്സീമമായ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഡിസൈനർ ഈ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ദുബായ് കൾച്ചറിന്റെ ഒരു സംരംഭമായി ഹാരഡ്‌സിൻ്റെ നാലാം നിലയിലാണ് ഈ കുട്ടികളുടെ വസ്ത്രശേഖരം വിൽപന നടത്തുന്നത്. 2023ൽ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദിനൊപ്പം ഉൾപ്പെടെ പലതവണ ഷെയ്ഖ് മുഹമ്മദ് ചരിത്രപ്രസിദ്ധമായ ഹൈഡ് പാർക്ക് സന്ദർശിച്ചിട്ടുണ്ട്. 140 ഹെക്ടർ വിസ്തൃതിയുള്ള ഈ റോയൽ പാർക്ക്, ലണ്ടനിലെ ഏറ്റവും വലിയ പച്ചപ്പുള്ള പ്രദേശങ്ങളിൽ ഒന്നാണ്. ലണ്ടനിലെ ഈ സന്ദർശനങ്ങൾ ഷെയ്ഖ് മുഹമ്മദിൻ്റെ വ്യക്തിപരമായ ഇഷ്ട്ടങ്ങൾക്ക് പുറമെ രാജ്യാന്തര തലത്തിൽ വളരുന്ന യുഎഇ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും എടുത്തു കാണിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു.

Share
error: Content is protected !!