പുൽവാമ ആക്രമണക്കേസിലെ സൂത്രധാരൻ്റെ ഭാര്യയുമായും ഷഹീന് ബന്ധം…..
ന്യൂഡൽഹി: ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.ഷഹീൻ സയീദിന് പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരൻ ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫിറ ബീബിയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി അന്വേഷണം സംഘം. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷെ തലവൻ മസൂദ് അസറിൻ്റെ അനന്തരവൻ കൂടിയായ ഉമർ ഫാറൂഖ് കൊല്ലപ്പെട്ടത്.
ജെയ്‌ഷെ പുതുതായി ആരംഭിച്ച വനിതാ ബ്രിഗേഡായ ജമാഅത്ത്-ഉൽ-മോമിനാത്തിൻ്റെ പ്രധാന പ്രവർത്തകയാണ് ഉമറിൻ്റെ ഭാര്യ അഫിറ ബീബി എന്നാണ് വിവരം. ഡൽഹിയിലെ സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ്, അഫിറ ബ്രിഗേഡിൻ്റെ ഉപദേശക സമിതിയായ ഷൂറയിൽ ചേർന്നിരുന്നു. മസൂദ് അസറിൻ്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പം ചേർന്നാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇരുവരും ഷഹീൻ സയീദുമായി ബന്ധമുള്ളവരാണെന്നും വൃത്തങ്ങൾ പറയുന്നു.
ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ സീനിയർ ഡോക്ടറായിരുന്ന ഷഹീൻ സയീദിൻ്റെ കാറിൽ നിന്ന് അസോൾട്ട് റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജമാഅത്ത്-ഉൽ-മോമിനാത്തിൻ്റെ ഇന്ത്യ വിഭാഗം സ്ഥാപിക്കുന്നതിനും സ്ത്രീകളെ ഭീകര പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നതിനുമാണ് ഷഹീദ് സയീദിനെ ചുമതലപ്പെടുത്തിയതെന്ന് പീന്നിട് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


