സൗദിയിൽ വിദേശികൾക്ക് സ്വത്ത് സ്വന്തമാക്കുന്നതിന് നിയന്ത്രണങ്ങൾ; പുതിയ നിയമങ്ങൾ ജനുവരിയിൽ പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിലെ വിദേശികൾക്ക് സ്വത്ത് സ്വന്തമാക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമങ്ങൾ 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും. പുതിയ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമങ്ങൾ പ്രകാരം, സൗദി അറേബ്യയിലെ വിദേശികൾക്ക് റജിസ്റ്റർ ചെയ്ത സ്വത്തുക്കൾ മാത്രമേ സ്വന്തമാക്കാൻ അനുവാദമുള്ളൂവെന്നും, വാങ്ങൽ സംബന്ധിച്ച എല്ലാ വിവരങ്ങളും നിർബന്ധമായും വെളിപ്പെടുത്തണമെന്നും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (REGA) അറിയിച്ചു.

ഈ വർഷം ജൂലൈയിൽ അംഗീകരിച്ച സൗദികളല്ലാത്തവരുടെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിന്റെ ഭാഗമായ ഈ പരിഷ്കരിച്ച നിയമം, വിദേശ ഉടമസ്ഥാവകാശത്തിന് 10% ഫീസുകളും നികുതികളും സംയോജിപ്പിച്ച് ഏർപ്പെടുത്തുന്നുണ്ട്. നിയമലംഘനങ്ങൾക്ക് 10 മില്യൻ റിയാൽ വരെ പിഴ ഈടാക്കാം. കൂടാതെ, തെറ്റായ വിവരങ്ങൾ നൽകി വാങ്ങിയ സ്വത്തുക്കൾ പരസ്യമായി ലേലം ചെയ്യുമെന്നും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി മുന്നറിയിപ്പ് നൽകി.

∙സ്വത്ത് സ്വന്തമാക്കാൻ അർഹതയുള്ള വിഭാഗങ്ങൾ
പുതിയ നിയമം അനുസരിച്ച്, സൗദിയിൽ നിയമാനുസൃതം സ്വത്ത് വാങ്ങുന്നതിന് അഞ്ച് വിഭാഗങ്ങൾക്ക് അർഹതയുണ്ടാകും. വിദേശ വ്യക്തികൾക്ക് പുറമെ, വിദേശ കമ്പനികൾ, വിദേശ ഓഹരി ഉടമകളുള്ള സൗദി കമ്പനികൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ, നയതന്ത്ര ദൗത്യങ്ങൾ എന്നിവയ്ക്ക് സൗദിയിൽ വസ്തു സ്വന്തമാക്കാൻ സാധിക്കും.

റിയാദ്, ജിദ്ദ, മക്ക, മദീന തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കായി അനുവദനീയമായ ഉടമസ്ഥാവകാശ ശതമാനങ്ങൾ, സ്വത്ത് ഇനങ്ങൾ, ഗ്രേസ് പിരീഡുകൾ, നടപടിക്രമ നിയമങ്ങൾ എന്നിവ വ്യക്തമാക്കുന്ന വിശദമായ ഭൂപടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി  ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശികൾക്കും വിദേശ കമ്പനികൾക്കും നിയുക്ത മേഖലകളിൽ റസിഡൻഷ്യൽ അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി സ്വത്ത് വാങ്ങാമെങ്കിലും, ഉടമസ്ഥാവകാശം നിയമത്തിന്റെ മന്ത്രിസഭാ ചട്ടങ്ങളിൽ വിവരിച്ചിരിക്കുന്ന ഫീസ്, നിയന്ത്രണങ്ങൾ, ചട്ടങ്ങൾ എന്നിവയ്ക്ക് വിധേയമായിരിക്കും.

Share
error: Content is protected !!