65,000 ദിർഹം നഷ്ടപരിഹാരം: സ്കൂളിലെ കുട്ടികളുടെ അതിക്രമങ്ങൾക്ക് രക്ഷിതാക്കൾക്ക് വൻ പിഴ!

അൽഐൻ: സ്കൂളുകളിലെ അക്രമങ്ങൾക്കും ‘ബുള്ളിയിങ്ങി’നും കുട്ടികളുടെ മാതാപിതാക്കൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് അടിവരയിടുന്ന സുപ്രധാന വിധി അൽഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി പുറപ്പെടുവിച്ചു. കുട്ടികളുടെ പ്രവൃത്തികൾക്ക് രക്ഷിതാക്കൾക്ക് 65,000 ദിർഹം (ഏകദേശം 14.6 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്.

വിദ്യാർഥികളെ മർദ്ദിക്കുകയും വൈകാരികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലാണ് കുട്ടികളുടെ രക്ഷിതാക്കൾ പിഴയൊടുക്കേണ്ടിവന്നത്. ഒരു ക്ലാസ്‌മേറ്റിനെ ആവർത്തിച്ച് ബുള്ളി ചെയ്യുകയും ആക്രമിക്കുകയും ചെയ്ത ശേഷം അത് വിഡിയോ എടുത്ത രണ്ട് ആൺകുട്ടികളുടെ പിതാവിനാണ് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

തുടർച്ചയായ പീഡനം കാരണം ഇരയായ വിദ്യാർഥിക്ക് കടുത്ത ഭയവും മാനസ്സിക ആഘാതവും മാനസ്സികാവസ്ഥയിലുള്ള മാറ്റങ്ങളും സംഭവിച്ചു. ക്രിമിനൽ കേസിൽ കുട്ടികളുടെ പ്രവൃത്തികളും ശാരീരിക-മാനസ്സിക പ്രശ്നങ്ങളും ഇതിനകം സ്ഥിരീകരിച്ചിരുന്നു. മറ്റൊരു കേസിൽ, ചില വിദ്യാർഥികൾ മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു സഹപാഠിയെ ആക്രമിച്ചു. ഒട്ടേറെ മുറിവുകളേൽപ്പിച്ച ഈ ആക്രമണത്തിന്, കുട്ടികളുടെ രക്ഷിതാക്കൾ സംയുക്തമായി 35,000 ദിർഹം നൽകാൻ കോടതി വിധിച്ചു.

അപ്പീലിൽ പോലും കുട്ടികൾക്കെതിരായ ക്രിമിനൽ ശിക്ഷ നിലനിർത്തുകയും മക്കളെ വേണ്ടവിധം ശ്രദ്ധിക്കുന്നതിൽ രക്ഷിതാക്കൾക്ക് വീഴ്ച സംഭവിച്ചതായി കോടതി കണ്ടെത്തുകയും ചെയ്തു. ഇരയ്ക്ക് സംഭവിച്ച ശാരീരിക മുറിവുകൾക്കും ആക്രമണത്തെ തുടർന്ന് ദിവസങ്ങളോളം ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വന്നതിലുള്ള മാനസ്സികാഘാതത്തിനുമാണ് ഈ നഷ്ടപരിഹാരം.

Share
error: Content is protected !!