അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പരസ്യത്തിന് കർശന വിലക്ക്: സമൂഹമാധ്യമ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

മസ്‌കത്ത്: പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത ഹോട്ടലുകള്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ടൂറിസം സ്ഥാപനങ്ങളുടെ പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയെ  പിന്തുണക്കരുതെന്നും സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും മുന്നറിയിപ്പ് നല്‍കി.

ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇലക്ട്രോണിക് വെബ്‌സൈറ്റുകളും ആവശ്യമായ അംഗീകാരങ്ങള്‍ നേടാതെ അത്തരം സ്ഥാപനങ്ങളുടെ പരസ്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാര്‍ക്കറ്റിങ്ങും പ്രമോഷനും നടത്തുന്ന രീതി നിയന്ത്രിക്കുന്ന റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ (9)ലെ ക്ലോസ് (13)ന്റെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

എല്ലാ സമൂഹമാധ്യമ ഉപയോക്താക്കളും ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നവരും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയന്ത്രണം ലംഘിക്കുന്ന  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Share
error: Content is protected !!