മദ്യപിക്കാൻ 2 കിലോ പണയസ്വർണം മറിച്ചുവിറ്റു; 1.50 കോടി രൂപ വില, കുടുബസമേതം മുങ്ങിയ യുവാവ് പിടിയിൽ
ചെന്നൈ: പണയവസ്തുവായി ആളുകൾ നൽകിയിരുന്ന 2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റ യുവാവ് പിടിയിൽ. രാജസ്‌ഥാൻ സ്വദേശിയായ കേഗൻ റാമിന്റെ മകൻ സുനിലാണു (25) പിടിയിലായത്. കോയമ്പേടിലെ സ്വർണപ്പണയ സ്‌ഥാപന ഉടമയായ കേഗൻ റാം മരിച്ചതിനെ തുടർന്ന് സുനിലാണ് സ്ഥാപനം നടത്തിയിരുന്നത്. എന്നാൽ, ഒരു ദിവസം ഇയാൾ കടപൂട്ടി കുടുബസമേതം മുങ്ങി. ഇടപാടുകാർ കോയമ്പേട് പൊലീസിൽ പരാതി നൽകിയതോടെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി അറസ്‌റ്റു ചെയ്‌തു.
മദ്യത്തിന് അടിമയായിരുന്ന സുനിൽ 1.50 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണം അതേ സ്ഥലത്തുള്ള പണയ സ്ഥാപന ഉടമ അശോകിനു കൈമാറിയതായി കണ്ടെത്തി. ഇതോടെ അശോകിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ ഒരു കിലോ സ്വർണം മാത്രമാണ് വാങ്ങിയതെന്നും 55 ലക്ഷം രൂപ നൽകിയതായും വെളിപ്പെടുത്തി. തുടർന്ന് ഈ സ്വർണം കണ്ടെടുത്തു. ബാക്കിയുള്ളവ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.


