പത്തൊൻപതുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ് : അജിന് ജീവപര്യന്തവും 5 ലക്ഷം പിഴയും

പത്തനംതിട്ട: തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) അജിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും.

അഡിഷനൽ ജില്ലാ കോടതി –1 ആണ് വിധി പുറപ്പെടുവിച്ചത്. അജിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണു കൊല്ലപ്പെട്ടത്. 2019 മാർച്ച് 12നു രാവിലെ 9.11നു ചിലങ്ക ജംക്‌ഷനിലെ റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം.

തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണു പ്രതി നൽകിയ മൊഴി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായി. കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

3 കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ കരുതിയാണു രാവിലെ ചിലങ്ക ജംക്‌ഷനിൽ പ്രതി അജിൻ കാത്തുനിന്നത്. ബസിറങ്ങി നടന്നുവന്ന കവിതയുടെ പിന്നാലെയെത്തിയ അജിൻ, സംഭവ സ്ഥലത്തെത്തിയപ്പോൾ മുന്നിലേക്കു കയറി വഴി തടസ്സപ്പെടുത്തി. കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ടാണ് ആദ്യം ആക്രമിച്ചത്. വയർ പൊത്തി വേദനയോടെ നിന്ന പെൺകുട്ടിയുടെ തലയിലൂടെ പെട്രോളൊഴിച്ചു തീ കൊളുത്തി. മുഖത്തും കഴുത്തിനും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി പിന്നിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാർ ഫ്ലെക്സ് ബോർഡും മറ്റും ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. തടഞ്ഞുവയ്ക്കപ്പെട്ട അജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share
error: Content is protected !!