‘മണി ഹീസ്റ്റ്’ പ്രചോദനമായി; ‘പ്രഫസറും അമാൻഡയും ഫ്രെഡ്ഡിയും’ തട്ടിയെടുത്തത് 150 കോടി, അറസ്റ്റ്
ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ് ത്രില്ലറിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ വിവിധ വ്യക്തികളിൽനിന്ന് 150 കോടിയോളം രൂപ തട്ടിയ സംഘം ഡൽഹിയിൽ പിടിയിൽ. അർപിത്, പ്രഭാത്, അബ്ബാസ് എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയാൽ വൻ തുക തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
മണി ഹീസ്റ്റെന്ന ത്രില്ലർ പരമ്പരയിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ നൽകിയിരുന്നത്. അഭിഭാഷകനായ അർപിത് ‘പ്രഫസർ’ എന്നും കംപ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരിയായ പ്രഭാത് വാജ്പേയി ‘അമാൻഡ’ എന്നും അബ്ബാസ് ‘ഫ്രെഡ്ഡി’ എന്നുമാണ് അറിയപ്പെട്ടിരുന്നത്.
ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഒട്ടേറെ ഗ്രൂപ്പുകൾ തുടങ്ങിയ പ്രതികൾ ഇതിൽ ഓഹരിവിപണിയെക്കുറിച്ചുള്ള ഉപദേശങ്ങളും നിർദേശങ്ങളും പങ്കുവച്ചിരുന്നു. ഇതിൽ ആകൃഷ്ടരായി എത്തുന്നവരോട് ഈ ഗ്രൂപ്പുകൾ മുഖാന്തിരം നിക്ഷേപം നടത്തിയാൽ വൻ ലാഭം ലഭിക്കുമെന്നും പറഞ്ഞു.
തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിക്കുന്നവർക്ക് നല്ല ലാഭം ഇവർ തിരികെ നൽകും. വിശ്വാസമേറുന്നതോടെ വൻ തുക നിക്ഷേപിച്ചാൽ സമൂഹമാധ്യമത്തിൽനിന്ന് അക്കൗണ്ട് ബ്ലോക്ക് ചെയ്ത് മുങ്ങുന്നതായിരുന്നു സംഘത്തിന്റെ പതിവ്. മുന്നൂറോളം പേരെ ഇത്തരത്തിൽ പറ്റിച്ചെന്നാണ് വിവരം.


