‘കൂട്ടക്കൊല’ നടത്തി ഡ്രൈവർ; ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 13 മരണം, പലരുടെയും നില ഗുരുതരം
ജയ്പുർ: ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 13 മരണം. 10പേർക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹർമദയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് 17 വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോഹമണ്ഡിയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന് വന്ന ട്രക്ക് 300 മീറ്ററോളം നിയന്ത്രണം വിട്ട് സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് കാൽനടക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.
മൃതദേഹങ്ങൾ റോഡിൽ ചിതറികിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമ സംഭവത്തിൽ നടുക്കം േരഖപ്പെടുത്തി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശിച്ചു. മന്ത്രിമാർ അപകട സ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷംരൂപ ധനസഹായവും പ്രഖ്യാപിച്ചു.


