ട്രംപിൻ്റെ പുതിയനയം; ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലി തുലാസിൽ; പരക്കെ ആശങ്ക, ഉടൻ ജോലി നിർത്തേണ്ടി വരും

വാഷിങ്ടൺ: യുഎസിൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് (ഡിഎച്ച്എസ്) കൊണ്ടുവന്ന പുതിയ നയമാറ്റം കാരണം ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ ആശ്രിതർക്കും തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ അംഗീകാര രേഖകളുടെ(ഇഎഡി- Employment Authorisation Documents) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അനുവദിക്കുന്നത് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിർത്തിവെച്ചിരുന്നു. ഇത് യഥാസമയം പുതുക്കി നൽകാത്തപക്ഷം നിരവധി തൊഴിലാളികളെ നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ട്.
.

2025 ഒക്ടോബർ 30-നോ അതിനുശേഷമോ ഇഎഡി പുതുക്കുന്നതിനായി അപേക്ഷ നൽകുന്നവർക്ക് ഇനി ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ലഭിക്കില്ലെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. വിശദ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി മുതൽ അപേക്ഷകൾക്ക് അപ്രൂവൽ ലഭിക്കൂ എന്നാണ് പ്രസ്താവനയിൽ ഡിഎച്ച്എസ് അറിയിച്ചത്.

ഇഎഡി പുതുക്കാൻ അപേക്ഷ നൽകിയ ശേഷം 540 ദിവസം വരെ യുഎസിൽ ജോലിയിൽ തുടരാമായിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് നിലവിലെ കാലാവധി തീരുംമുമ്പ് ഇഎഡി പുതുക്കലിന് അംഗീകാരം ലഭിച്ചിട്ടില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ ജോലി നിർത്തണമെന്നാണ് നിർദേശം.

ഇഎഡി യുടെ കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് അത് പുതുക്കാനുള്ള അപേക്ഷ നൽകേണ്ടതുണ്ട്. ഇഎഡി പുതുക്കൽ അപേക്ഷ ഫയൽ ചെയ്യാൻ എത്രത്തോളം വൈകുന്നോ അത്രത്തോളം അവർക്ക് തൊഴിൽ അംഗീകാരത്തിലോ ഡോക്യുമെന്റേഷനിലോ താത്കാലിക വീഴ്ച അനുഭവപ്പെടാനുള്ള സാധ്യതയേറെയാണെന്ന് ഡിഎച്ച്എസ് അറിയിച്ചു.
.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പ്രൊഫഷണലുകളെ ആയിരിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം തന്നെ ഇന്ത്യക്കാരിൽ ഏറെപേരും ഗ്രീൻ കാർഡ് വിസാ കാലാവധിയുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നുണ്ട്.

  • വർഷങ്ങളായി ഗ്രീൻ കാർഡിനുവേണ്ടി കാത്തിരിക്കുന്ന എച്ച് 1 ബി വിസ ഉടമകൾ.
  • ജോലിയിൽ തുടരാൻ വർക്ക് പെർമിറ്റുകളെ ആശ്രയിക്കുന്ന എച്ച് -4 വിസാ ഉടമകൾ.
  • STEM OPT extension വിദ്യാർഥികൾ
  • തൊഴിലധിഷ്ടിത ഗ്രീൻ കാർഡിനായി അപേക്ഷക നൽകി കാത്തിരിക്കുന്നവർ- തുടങ്ങിയവരെ പുതിയ നയം ബാധിക്കും.

.
ഒരാൾക്ക് യുഎസിൽ ഒരു നിശ്ചിത സമയത്തേക്ക് ജോലി ചെയ്യാൻ അംഗീകാരമുണ്ട് എന്ന് തെളിയിക്കുന്നതിനുള്ള മാർഗമാണ് ഇഎഡി. ഗ്രീൻ കാർഡ് തൊഴിൽ അംഗീകാരത്തിനുള്ള തെളിവായതിനാൽ സ്ഥിര താമസക്കാർക്ക് ഇഎഡി ആവശ്യമില്ല. നോൺ-ഇമിഗ്രന്റ് സ്റ്റാറ്റസ് ഉള്ള വ്യക്തികൾക്കും ഈ രേഖ ആവശ്യമില്ല.

Share
error: Content is protected !!