വെള്ളക്കെട്ടിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കരുനാഗപ്പള്ളി: പിഞ്ചുകുഞ്ഞ് വീടിനുസമീപത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. ചവറ നീണ്ടകര താഴത്തുരുത്തിൽ പഴങ്കാലയിൽ (സോപാനം) അനീഷിന്റെയും ഫിന്‍ല ദിലീപിന്റെയും ഏക മകൻ അറ്റ്ലാൻ (4) ആണ് മരിച്ചത്.
മാതാപിതാക്കൾ യു.കെയിൽ ആയതിനാൽ അറ്റ്ലാൻ അമ്മയുടെ കുടുംബവീട്ടിൽ ആണ് താമസിച്ചിരുന്നത്. ഇന്നലെ വൈകീട്ട് സ്‌കൂളിൽ നിന്ന് മുത്തച്ഛൻ ദിലീപിനൊപ്പം വീട്ടിലെത്തിയ ശേഷമാണ് ദാരുണസംഭവം. ദിലീപ് കുട്ടിയുടെ ബാഗ് വീട്ടിൽ വെക്കുന്നതിനിടെ കുട്ടി കൈവിട്ടു വെളിയിലേക്കു ഓടി. ബാഗ് അകത്തുവെച്ച ശേഷം നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു.
തുടർന്ന് ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ വീട്ടിനു മുന്നിലെ ടി.എസ് കനാലിൽ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.


