സൗദി തൊഴിൽ രംഗത്ത് പുതിയ മാറ്റം: വിദേശ തൊഴിലാളികളെ സ്ഥാപനങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യാം
ജിദ്ദ: സൗദി അറേബ്യയിൽ സ്ഥാപനങ്ങൾ തമ്മിൽ വിദേശ തൊഴിലാളികളുടെ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള പുതിയ നിയമങ്ങൾക്ക് മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഇന്ന് ഔദ്യോഗികമായി അംഗീകാരം നൽകി. സൗദി തൊഴിൽ കമ്പോളത്തിൽ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ലക്ഷ്യങ്ങൾ:
- കരാറുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- തൊഴിൽ കമ്പോളത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുക.
- തൊഴിലുടമകളുടെയും തൊഴിലാളികളുടെയും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക.
പ്രധാന വ്യവസ്ഥകൾ:
പുതിയ നിയമങ്ങൾ പ്രകാരം, സൗദി അറേബ്യയിൽ നിയമപരമായി നിലവിലുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ നിർദ്ദിഷ്ട ജോലികൾക്കും സേവനങ്ങൾക്കുമായി മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യാൻ സാധിക്കും. ഈ പ്രക്രിയയിൽ, സേവനം നൽകുന്ന സ്ഥാപനത്തിന്റെ നേരിട്ടുള്ള മേൽനോട്ടവും ഉത്തരവാദിത്തവും നിലനിർത്തും.
എന്നാൽ ഈ സേവന കൈമാറ്റം മന്ത്രാലയത്തിന്റെ അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘അജീർ’ വഴി മാത്രമേ നിയമപരമായി നടത്താൻ സാധിക്കുകയുള്ളൂ. സേവനം ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് ‘അജീർ’ പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന ‘സെക്കൻഡ്‌മെന്‍റ് പെർമിറ്റുകൾ’ ഉപയോഗിച്ച് നിയമാനുസൃതമായ പരിഹാരങ്ങൾ കണ്ടെത്താൻ പുതിയ ചട്ടങ്ങളിലൂടെ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് തൊഴിലാളികളുടെ നിയമപരമായ നില മെച്ചപ്പെടുത്താനും സൗദിയിലെ തൊഴിൽ നിയമങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സഹായിക്കുമെന്നും മന്ത്രലായം കൂട്ടിചേർത്തു.
മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ നിയമങ്ങൾ തൊഴിൽ കമ്പോളത്തിൽ കൂടുതൽ ക്രമീകരണവും സുസ്ഥിരതയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്ഥാപനങ്ങൾ തമ്മിലുള്ള സേവന കൈമാറ്റങ്ങൾ നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ കരാർപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വഴിയൊരുക്കും.
സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി, ഫലപ്രദവും സുസ്ഥിരവുമായ ഒരു തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള ദീർഘവീക്ഷണത്തോടെയുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പുതിയ നിയമങ്ങൾ.
‘അജീർ’ പ്ലാറ്റ്‌ഫോം വഴി ലഭ്യമായ പുതിയ നിയമങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാനും, അംഗീകൃത ചട്ടങ്ങൾക്കനുസൃതമായി നിലവിലെ സാഹചര്യങ്ങൾ ക്രമീകരിക്കാനും മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടു.


