പിഎം ശ്രീയില്‍ കേരളം ഒപ്പിട്ടത് ചട്ടവിരുദ്ധം? സിപിഐ കേസിന് പോയാല്‍ പണിയാകും; എപ്പോൾ വേണമെങ്കിലും പിന്മാറാമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് ചട്ടവിരുദ്ധമായാണെന്ന് സിപിഐ. മന്ത്രിസഭ തീരുമാനിക്കാത്ത വിഷയത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് ഒപ്പുവയ്ക്കാന്‍ സാധിക്കില്ല. നിയമപരമായി അത് നിലനില്‍ക്കുന്നില്ലെന്നും സിപിഐ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ധാരണാപത്രത്തില്‍ ഒപ്പു വച്ചത്.
.
കെ വാസുകി ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഒപ്പ് വച്ചത് എന്നറിയേണ്ടതുണ്ട്. മുഖ്യമന്ത്രി അല്ലെങ്കില്‍ വിദ്യഭ്യാസ മന്ത്രി എന്നിവര്‍ മന്ത്രിസഭയെ മറികടന്ന് ഒപ്പു വയ്ക്കാന്‍ കെ വാസുകിയോട് നിര്‍ദ്ദേശിച്ചതായിരിക്കാനാണ് സാധ്യത.

പിഎം ശ്രീയോട് ഇടഞ്ഞുനില്‍ക്കുന്ന സിപിഐ കോടതിയില്‍ പോയാല്‍ ഒപ്പ് റദ്ദാകും. മനോഹരര്‍ പരീക്കര്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ഗോവ എന്ന കേസ് ഇതിന് ഉദാഹരമാണ്. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതികളില്‍ ഒപ്പു വയ്ക്കാനാകില്ല. സിപിഎമിനെതിരേ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന സിപിഐയെ വിഷയത്തില്‍ അനുനയിപ്പിക്കാനാകുമോ എന്നത് എളുപ്പമാകില്ല.
.
അതേ സമയം ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി മാത്രമാണ്  പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവർത്തിച്ചു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാത്തതുകൊണ്ട് എസ്എസ്കെയ്ക്ക് ലഭിക്കേണ്ട 1500 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ തുക നഷ്ടപ്പെടുത്തണോ വേണ്ടയോ എന്നാണ് നിലവിലെ പ്രശ്നമെന്നും നഷ്ടപ്പെടുത്താൻ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 165 സ്കൂളുകൾ തിരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
.
പാഠപുസ്തകം തയ്യാറാക്കുക സംസ്ഥാന സർക്കാർ തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏത് നിമിഷവും വേണമെങ്കിൽ പിന്മാറാമെന്ന വ്യവസ്ഥ കരാറിലുണ്ട്. ഇരു കക്ഷികളും തമ്മിൽ ആലോചിച്ച് ചർച്ച ചെയ്ത് കരാറിൽ നിന്നും പിന്മാറുന്നതിന് സാധിക്കും. യോജിച്ച് ഒരു തീരുമാനത്തിലെത്താത്ത പക്ഷം കോടതിയിൽ പോകുന്നതിനും അവകാശമുണ്ട്.

കേരളത്തിൽ ഇതുവരെ തുടർന്നുവന്നിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസനയം ഒരു കാരണവശാലും അടിയറവുവയ്ക്കില്ല. കേരളത്തിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല. അത് കെ. സുരേന്ദ്രന്റെ സ്വപ്നം മാത്രമാണ്. ഒന്നു മുതൽ പത്തുവരെ ക്ലാസിലെ കുട്ടികൾക്കുള്ള പാഠപുസ്തകം പ്രിന്റ് ചെയ്തു കഴിഞ്ഞു. കേന്ദ്ര സർക്കാർ പാഠപുസ്തക ഉള്ളടക്കത്തിൽ തെറ്റായ നിലപാട് സ്വീകരിച്ചപ്പോൾ ബദൽ പാഠപുസ്തകമിറക്കിയ സംസ്ഥാനമാണ് കേരളം.
.
കേന്ദ്ര സർക്കാർ പറയുന്ന നമുക്ക് തെറ്റെന്ന് തോന്നുന്ന നയങ്ങളൊന്നും സ്വീകരിക്കുന്നില്ല. ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കുവേണ്ടിയുള്ള ഓട്ടിസം സെന്റേഴ്സിനെ സംരക്ഷിക്കുന്നതും എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ചാണ്. ഫണ്ട് തടഞ്ഞുവെച്ചതിനെ തുടർന്ന്, ഓട്ടിസം സെന്ററുകളിലെ ജീവനക്കാർക്ക് കഴിഞ്ഞ രണ്ടു മാസക്കാലമായി ശമ്പളം കൊടുക്കുന്നില്ല. കൂടാതെ, 150 ഓളം വരുന്ന വർണക്കൂടാരം പദ്ധതികൾ സംസ്ഥാനത്തുണ്ട്. ഇതും ഈ തുക ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഫണ്ട് നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നീങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Share
error: Content is protected !!