സൗദിയിൽ ടാക്സി മേഖലയിൽ കടുത്ത നടപടി; നിയംലംഘനങ്ങൾക്ക് 8000 റിയാൽ വരെ പിഴ, പ്രവാസികളെ നാടുകടത്തും
റിയാദ്: സൗദി അറേബ്യയിൽ ടാക്സി സർവീസുകൾ മെച്ചപ്പെടുത്തുന്നതിന് പുതിയ കർശന നിയമങ്ങളും ശിക്ഷാ നടപടികളും പ്രഖ്യാപിച്ചു. പൊതുടാക്സി, എയർപോർട്ട് ടാക്സി മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിഗത സേവനദാതാക്കൾക്കളെ ലക്ഷ്യമിട്ടാണ് ഗതാഗത അതോറിറ്റി (TGA) പുതിയനിയമങ്ങളും ശിക്ഷാ നടപടികളും പ്രഖ്യാപിച്ചത്. സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നത്. TGA പ്രസിഡന്റ് റുമായിഹ് അൽ-റുമായിഹ് പുതിയ നിയമങ്ങൾ അംഗീകരിച്ചു.
പുതിയ നിയമപ്രകാരം, നിയമലംഘനങ്ങൾക്ക് 1,600 റിയാൽ വരെ പിഴ ഈടാക്കും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ഈ പിഴ തുക അഞ്ച് ഇരട്ടി വരെ (8,000 റിയാൽ) വർധിക്കാവുന്നതാണ്. സാമ്പത്തിക പിഴ കൂടാതെ, കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് കടുത്ത നടപടികൾ വേറെയും ഉണ്ടാകും:
- വാഹനം പിടിച്ചെടുക്കൽ (കൺഫിസ്ക്കേഷൻ): കോടതി ഉത്തരവുകൾ പ്രകാരം വാഹനം കണ്ടുകെട്ടാം.
- ലൈസൻസ് സസ്പെൻഷൻ: അഞ്ച് മാസം വരെ ലൈസൻസ് റദ്ദാക്കും.
- വിദേശികൾക്ക് നാടുകടത്തൽ: സൗദി പൗരന്മാർ അല്ലാത്ത നിയമലംഘകരെ നാടുകടത്തുന്നതുൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ ഏർപ്പെടുത്തി.
പ്രധാന നിയമലംഘനങ്ങൾ (Major Violations)
പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ, സേവനത്തിന്റെ ഗുണനിലവാരത്തെയോ നിരക്കുകളെയോ ബാധിക്കുന്നതോ ആയ പ്രവൃത്തികൾ ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.
- സാധുവായ പ്രൊഫഷണൽ ഡ്രൈവർ കാർഡ് ഇല്ലാതെ സർവീസ് നടത്തുക.
- സർവീസ് നിരസിക്കുക അല്ലെങ്കിൽ അംഗീകൃത നിരക്കനുസരിച്ച് പണം ഈടാക്കാതിരിക്കുക.
- വ്യക്തിപരമായോ വാഹനത്തിലോ വൃത്തിയില്ലായ്മ പാലിക്കാതിരിക്കുക.
- ഔദ്യോഗിക യൂനിഫോം ധരിക്കാതിരിക്കുക.
ചെറിയ നിയമലംഘനങ്ങൾ (Minor Violations)
ചെറിയ പിഴവുകൾക്ക് വാക്കാലുള്ള മുന്നറിയിപ്പും, 50 റിയാൽ മുതൽ 1,600 റിയാൽ വരെ പിഴയും ഈടാക്കും. അത്തരം നിയമലംഘനങ്ങൾ താഴെ.
- ഡ്രൈവർ കാർഡ് പുതുക്കുന്നതിലെ കാലതാമസം.
- നഷ്ടപ്പെട്ട യാത്രക്കാരുടെ സാധനങ്ങൾ തിരികെ നൽകാതിരിക്കുക.
- ഭിന്നശേഷിയുള്ള യാത്രക്കാരെ സഹായിക്കാതിരിക്കുക.
- ‘നോ സ്മോക്കിംഗ്’ ചിഹ്നം സ്ഥാപിക്കാത്തത്.
നടപടികളുടെ വിശദാംശങ്ങൾ
നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് 50 റിയാൽ മുതൽ 1,600 റിയാൽ വരെയാണ് സാധാരണ പിഴ. ആവർത്തിച്ചാൽ ഇത് അഞ്ചിരട്ടി വരെയാകാം. കൂടാതെ, വാഹനം 20 മുതൽ 60 ദിവസം വരെ പിടിച്ചെടുക്കാനും, ഡ്രൈവറെ ഒന്നു മുതൽ അഞ്ച് മാസം വരെ സസ്പെൻഡ് ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്ക്, പിഴ ചുമത്തുന്നതിന് മുമ്പ്, നിയമലംഘകന് ഏഴ് ദിവസത്തെ തിരുത്തൽ സമയം (Corrective Grace Period) അനുവദിക്കും. അന്തിമ വിധിക്ക് ശേഷവും നിയമലംഘനം തുടർന്നാൽ പരമാവധി പിഴയുടെ 10 ശതമാനം വരെ പ്രതിദിന പിഴയും ചുമത്തും. നിയമലംഘകരുടെ വിവരങ്ങൾ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതടക്കമുള്ള കടുത്ത നടപടികളും പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


