പ്രതിരോധ മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, ലൈസൻസിന് 16 ലക്ഷത്തിലധികം റിയാൽ കൈക്കൂലി; സൗദിയിൽ സർക്കാർ ഉദ്യോഗസ്ഥനും പ്രവാസിയും അറസ്റ്റിൽ
റിയാദ്: പ്രതിരോധ മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സൗദി വനിതകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഓവര്‍സൈറ്റ് ആൻഡ് ആന്റി-കറപ്ഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് അനധികൃതമായി ക്രഷര്‍ ലൈസന്‍സ് അനുവദിച്ചതിന് 16,25,000 റിയാല്‍ കൈക്കൂലി വാങ്ങിയ വ്യവസായ, ധാതുവിഭവ മന്ത്രാലയ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു.
.
കൈക്കൂലി നല്‍കിയതിന് പ്രവാസി നിക്ഷേപകനെയും അറസ്റ്റ് ചെയ്തു. കസ്റ്റംസ് പിടിച്ചെടുത്ത വസ്തുക്കള്‍ എയര്‍പോര്‍ട്ടിലെ ജോലി സ്ഥലത്തുനിന്ന് തട്ടിയെടുത്ത സകാത്ത്, നികുതി ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. വ്യാപാര സ്ഥാപനത്തില്‍ പരിശോധനകള്‍ നടത്തി 7,500 റിയാലും പുകയില ഉല്പന്നങ്ങളും തട്ടിയെടുത്തതിന് നഗരസഭയില്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്ന ജീവനക്കാരന് അറസ്റ്റിലായി.
.
കൃഷിഭൂമി നിരപ്പാക്കാനുള്ള ഉത്തരവ് റദ്ദാക്കാൻ 85,000 റിയാല്‍ കൈക്കൂലി സ്വീകരിക്കാൻ ഇടനില നിന്ന സൗദി പൗരനെയും അറസ്റ്റ് ചെയ്തു. ഈ കേസില്‍ രണ്ട് നഗരസഭാ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിന് നിയമവിരുദ്ധമായി ടെന്‍ഡര്‍ നല്‍കിയതിന് പകരമായി 1,95,000 റിയാല്‍ കൈക്കൂലി സ്വീകരിച്ചതിന് മറ്റൊരു നഗരസഭാ ഉദ്യോഗസ്ഥനും അറസ്റ്റിലായി.
സമുദ്രജല ശുദ്ധീകരണ പ്ലാന്റുമായി കരാറിലേര്‍പ്പെട്ട സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാൻ 35,000 റിയാല്‍ സ്വീകരിച്ച വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്റ് ഡയറക്ടറെയും അറസ്റ്റ് ചെയ്തു. നഗരസഭാ പദ്ധതി കരാര്‍ നടപ്പാക്കിയ വകയിലെ കുടിശ്ശികയായ 83,03,000 റിയാല്‍ നിയമ വിരുദ്ധ രീതിയില്‍ വിതരണം ചെയ്യാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന് 2,40,000 റിയാല്‍ കൈക്കൂലി ആവശ്യപ്പെടുകയും അതിൽനിന്ന് 30,000 റിയാല്‍ കൈപ്പറ്റുകയും ചെയ്ത മറ്റൊരു നഗരസഭാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തു.
.
വാണിജ്യ സ്ഥാപനത്തിന് ക്രമരഹിതമായി പെര്‍മിറ്റ് അനുവദിച്ചതിന് 10,430 റിയാല്‍ കൈപ്പറ്റിയതിന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനും സര്‍ക്കാര്‍ ആശുപത്രിക്ക് ഭക്ഷണം നല്‍കുന്നതിന്റെ കരാറ്റേറ്റെടുത്ത കാറ്ററിംഗ് കമ്പനിയില്‍ നിന്ന് 12,000 റിയാല്‍ കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും പിടിയിലായി. പ്രവാസിയുടെ വിവാഹ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനും പിടിയിലായി.


