കോടികളുടെ ദേവസ്വം ഭൂമി കാണാനില്ല; ഓഡിറ്റില്‍ കണ്ടെത്തിയത് ഗുരുതര തകരാറുകള്‍, തലസ്ഥാനത്തെ ഭൂമിയടക്കം നഷ്ടപ്പെട്ടു

കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭൂമി സൂക്ഷിക്കുന്നതിൽ ഗുരുതരവീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിലെ കണ്ണായ ഭൂമിപോലും രേഖപ്രകാരം ബോർഡിന്റേതല്ലാതായിട്ടുണ്ട്. ഭൂമി സംരക്ഷിക്കുന്നതിന് രൂപവത്കരിച്ച എസ്റ്റേറ്റ് ഡിവിഷൻ ഭൂരേഖാ രജിസ്റ്റർ തയ്യാറാക്കുന്നതിൽ പരാജയപ്പെട്ടു. വിവിധ ഗ്രൂപ്പ് ഓഫീസുകളിലും അടിസ്ഥാന ഭൂരേഖാരജിസ്റ്ററിൽ 2020-21ലെ ഓഡിറ്റിൽ ഗുരുതര തകരാറുകൾ കണ്ടെത്തി.

2700 ഏക്കർ സ്വന്തമായുള്ള ബോർഡിന്റെ 500 ഏക്കറാണ് നഷ്ടമായതെന്ന് നേരത്തേ ബോർഡിന്റെ വിശകലനത്തിൽ ബോധ്യപ്പെട്ടിരുന്നു.

പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരിക്കെ ഭൂരേഖകൾ കണ്ടെത്താനും തിരിച്ചുപിടിക്കാനുമുള്ള ദൗത്യത്തിന് തുടക്കമിട്ടെങ്കിലും മുന്നോട്ടുപോയില്ല.

ഓഡിറ്റ് വിവരങ്ങൾ ചുവടെ

* തിരുവനന്തപുരം ഒറ്റിസി ഹനുമാൻ ക്ഷേത്രത്തിൽ രേഖാ ബുക്കിൽ റീസർവേ പ്രകാരമുള്ള ഭൂരേഖകൾ രേഖപ്പെടുത്തിയിട്ടില്ല. ദേവസ്വം ഭൂരജിസ്റ്ററും വഞ്ചിയൂർ വില്ലേജിലെ ബേസിക് ടാക്‌സ് രജിസ്റ്ററും പരിശോധിച്ചപ്പോൾ ദേവസ്വം വക 21.67 സെന്റ് കാണാനില്ല. പാളയം വിനായക ക്ഷേത്രത്തിൽ 2.42 സെന്റാണ് കുറവുള്ളത്. ഭൂമിക്ക് മോഹവിലയുള്ള ഇടങ്ങളാണിവ

* കൊട്ടാരക്കര ദേവസ്വത്തിൽ കൈയേറ്റത്തിലൂടെ ഭൂമി നഷ്ടമായി. അതിന്റെ രേഖകളും ഇല്ല. കേസുകളുടെ വിവരം സൂക്ഷിച്ചിട്ടുമില്ല

* ഹരിപ്പാട് ഭൂരേഖകൾ ശരിയാക്കാത്തത് കാരണം ദേശീയപാതാ വികസനത്തിന് ഭൂമി എടുത്തപ്പോൾ നഷ്ടപരിഹാരം കിട്ടാൻ പ്രയാസംവന്നു. തുറവൂർ, കഠിനംകുളം, ആര്യങ്കാവ്, ആറന്മുള, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഭൂരേഖാ രജിസ്റ്റർ ശരിയാക്കണം

* ശാർക്കര ദേവസ്വത്തിൽ 115 സെന്റിന്‍റെ വ്യത്യാസമാണ് ഭൂരേഖാ രജിസ്റ്ററിൽ. ഒരേ രജിസ്റ്ററിൽ വ്യത്യസ്ത അളവുകൾ

* വിളക്കാട് ദേവസ്വത്തിൽ ഭൂ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നില്ല. എല്ലാ ക്ഷേത്രങ്ങൾക്കുമായി 64.30 എക്കറാണുള്ളത്. കവലയൂർ ദേവസ്വത്തിൽ എത്ര ഭൂമിയുണ്ടെന്ന് രേഖതന്നെയില്ല

* തൃക്കടവൂർ ദേവസ്വത്തിൽ പുതുതായി വാങ്ങിയ ഭൂമിയുടെ വിവരങ്ങൾ ചേർക്കണം. കൊറ്റൻകുളങ്ങരയ്ക്കു കീഴിലുള്ള എല്ലാ ഭൂവിവരങ്ങളും ചേർത്തിട്ടില്ല

* ലക്ഷ്മിനട ദേവസ്വം വക 41.45 സെന്റ് വില്ലേജ് രേഖയിൽ പുറമ്പോക്ക്

* കുലശേഖരനല്ലൂർ ക്ഷേത്രത്തിൽ വാങ്ങിയ ഭൂമി പ്രയോജനപ്പെടുത്താനാവാതെ കിടക്കുന്നു

* പുല്ലമല സബ് ഗ്രൂപ്പിൽ പല ദേവസ്വം ഭൂമിയും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിപ്പോയി

* അറുകാലിക്കൽ ദേവസ്വത്തിൽ 31 സെന്റ് വില്ലേജ് രേഖയിൽ സർക്കാർ ഭൂമിയായി. ദേവസ്വം ഭൂരേഖകളും റവന്യൂ രേഖകളുമായും അളവുവ്യത്യാസം. അറുകാലിക്കലിൽ 6.8 സെന്റ്, വെള്ളാരക്കുന്ന് ദേവസ്വത്തിൽ 4.52 ഏക്കർ, മായയക്ഷിക്കാവിൽ 47.7 സെന്റ് എന്നിവയാണ് കുറവ്

* അച്ചൻകോവിൽ ദേവസ്വത്തിന് ചെങ്കോട്ടയിൽ 30 ഏക്കർ നെൽപ്പാടമുണ്ട്. ഇത് 34 പേർക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്നു. പാട്ടം രജിസ്റ്റർ ശരിയാക്കിയിട്ടില്ല

* കവിയൂർ രജിസ്റ്റർ 77 വർഷം പഴക്കമുള്ളതാണ്. നാല് ഏക്കറോളം കൈയേറ്റഭൂമി തിരിച്ചുപിടിക്കാനുണ്ട്

* തെക്കുംകാവ് ദേവസ്വത്തിൽ പഴയ ഭൂരേഖയിൽ 2.48 ഏക്കർ ഭൂമിയുണ്ടായിരുന്നു. പുതിയ രേഖയിൽ ഈ ഭൂമിയില്ല

Share
error: Content is protected !!