‘കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ സുരക്ഷിതം’; വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിക്കൊരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വിവരങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷനുമായി സഹകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ കണ്ടെത്തിയത്. ഇത് ചില രോഗികൾ ഡോക്ടറുടെ ഉപദേശം തേടാതെ മരുന്നുകൾ നിർത്തുന്നതിന് കാരണമായതായും, അത് അവരുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
.
കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ സുരക്ഷിതമാണെന്നും പ്രാദേശിക, അന്തർദേശീയ അധികാരികൾ അംഗീകരിച്ചതാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ തടയുന്നതിനും ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ സങ്കീർണതകൾ കുറയ്ക്കുന്നതിനും ഈ മരുന്നുകൾ ഫലപ്രദമായി ഉപയോഗിക്കുന്നു. ഒരു സ്പെഷ്യലിസ്റ്റ് ഫിസിഷ്യൻ്റെ ഉപദേശമില്ലാതെ യാതൊരു കാരണവശാലും ചികിത്സ നിർത്തുകയോ മാറ്റുകയോ ചെയ്യരുതെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
.
രോഗികളെ ആശയക്കുഴപ്പത്തിലാക്കുന്നതോ അവരുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതോ ആയ വിശ്വസനീയമല്ലാത്ത പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ആരോഗ്യ സംരക്ഷണ വിദഗ്ധർ വിട്ടുനിൽക്കണമെന്നും പ്രൊഫഷണൽ നൈതികത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
.
തെറ്റിദ്ധാരണാജനകമായ മെഡിക്കൽ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാണെന്ന് തെളിയിക്കപ്പെട്ട ഏതൊരാൾക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ അറിയിച്ചു. വിശ്വസനീയമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ അവബോധ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.
.
അതേസമയം, സ്റ്റാറ്റിൻ മരുന്നുകളുടെ പാർശ്വഫലങ്ങളായി പറയപ്പെടുന്ന പ്രമേഹ സാധ്യത, പേശി വേദന, ഓർമ്മക്കുറവ് തുടങ്ങിയ വിഷയങ്ങളെ വിമർശിച്ചുകൊണ്ട് ചില ഡോക്ടർമാർക്കിടയിലും വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. കൊളസ്ട്രോൾ ചികിത്സിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും മരുന്നുകൾക്ക് പകരം പ്രകൃതിദത്ത കൊഴുപ്പുകൾ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതതല സ്പെഷ്യലിസ്റ്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് ചില ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
.


