ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; വീടുകളിലേക്ക് മടങ്ങുന്ന ഫലസ്തീനികൾക്ക് നേരെ ഡ്രോൺ ​ആ​ക്രമണവും, മരണസംഖ്യ ഉയരുന്നു

ഗാസ: ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച വെടിനിർത്തൽ ധാരണയും സമാധാന കരാറും ലംഘിച്ച് ഇസ്രായേൽ അധിനിവേശ സേന ഗാസയിൽ ആക്രമണം തുടരുന്നു. സമാധാനം പുലർന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പലായനം ചെയ്ത വീടുകളിലേക്ക് തിരികെ യാത്ര തിരിച്ച ഫലസ്തീനികളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ഡ്രോൺ ആക്രമണവും വെടിവെപ്പും നടത്തിയതെന്ന് ഫലസ്തീൻ ന്യൂസ് ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച ഉച്ചവരെ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു.

ഈജിപ്തിലെ ശറമുൽ ശൈഖിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും മധ്യസ്ഥ രാഷ്ട്ര നേതാക്കളുടെയും പങ്കാളിത്തത്തോടെ നടന്ന ഉച്ചകോടിയിൽ ഗാസ സമാധാന കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച ആക്രമണം അരങ്ങേറിയത്. ഏറ്റവും പുതിയ ആക്രമണങ്ങളിൽ ഏഴുപേരാണ് മരിച്ചത്. നേരത്തെയുള്ള ആക്രമണങ്ങളിൽ പരിക്കേറ്റ രണ്ട് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു.

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷം ഗാസയിലെ തെരുവുകളിൽ നിന്ന് ഇതുവരെയായി 250ഓളം മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി.
.

വീടുകളിലേക്ക് മടങ്ങിയവർക്ക് നേരെ ആക്രമണം

വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ വടക്കൻ ഗാസയിലെ സ്വന്തം വീടുകൾ തേടി മടങ്ങുകയായിരുന്നവർക്ക് നേരെയാണ് ഇസ്രായേൽ സൈന്യം ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഷുജാഇയ പ്രദേശത്ത് ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ ഡ്രോൺ ആക്രമണം ഉണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും മരണങ്ങൾ സംഭവിച്ചതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഷുജാഇയയിലെ വെടിവെപ്പ് ഇസ്രായേൽ സൈന്യം ‘എക്സ്’ (പഴയ ട്വിറ്റർ) പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങുകയായിരുന്ന ഫലസ്തീനികൾ സൈന്യം നിശ്ചയിച്ച ‘യെല്ലോ ലൈൻ’ മറികടന്ന് തങ്ങൾക്കരികിലെത്തിയപ്പോൾ വെടിവെച്ചുവെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. എന്നാൽ, സൈന്യം പിൻമാറിയെന്ന വാർത്തകൾക്കിടയിൽ സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്ന് വിവിധ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. വെടിനിർത്തലും സമാധാന കരാറും പ്രാബല്യത്തിൽ വന്നിട്ടും ഇസ്രായേൽ സൈന്യം ആവർത്തിച്ച് ലംഘനം നടത്തുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.

ട്രംപിന്റെ സമാധാന പദ്ധതിക്ക് തിരിച്ചടി

 

ഗാസയിൽ സമാധാനം കൈവന്നു, യുദ്ധം അവസാനിച്ചു എന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ അദ്ദേഹം തന്നെ മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതി പ്രാബല്യത്തിൽ വന്നിട്ടും ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നുവെന്നതാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ട്രംപിനെ കൂടാതെ ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളും തിങ്കളാഴ്ച നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ കരാറിൽ ഒപ്പുവെച്ചു. കരാറിൽ നേരിട്ട് ഒപ്പുവെച്ചില്ലെങ്കിലും ഇസ്രായേലും ഹമാസും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുക, സൈനിക പിന്മാറ്റം ഉറപ്പാക്കുക, മേഖലയിലെ സുരക്ഷാ സ്ഥിരത കൈവരിക്കുക തുടങ്ങിയ കാര്യങ്ങൾ കരാറിന്റെ മുഖ്യ അജണ്ടകളാണ്.

സമാധാന ധാരണയുടെ ഭാഗമായി, ഇസ്രായേൽ ജയിലുകളിൽ മരിച്ച 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ റെഡ്ക്രോസ് മുഖാന്തരം ചൊവ്വാഴ്ച കൈമാറ്റം ചെയ്തു. കൂടാതെ, തടവുകാരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച 1900-ഓളം ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 77 ഫലസ്തീനികളാണ് ഇസ്രായേൽ ജയിലുകളിൽ മരണപ്പെട്ടത്.

 

Share
error: Content is protected !!