സിബിഐയുടെ പിടികിട്ടാപ്പുള്ളി ഷീല കല്യാണിയെ സൗദി അധികൃതർ ഇന്ത്യയിലേക്ക് നാടുകടത്തി
റിയാദ്: ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളിൽ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) തിരയുന്ന ഇന്ത്യക്കാരിയായ ഷീല കല്യാണി എന്ന മണികണ്ഠത്തിൽ തെക്കെത്തിയെ സൗദി അധികൃതർ ഇന്ത്യയിലേക്ക് നാടുകടത്തി. ഇന്റർപോളിന്റെ സഹായത്തോടെ സിബിഐ, വിദേശകാര്യ മന്ത്രാലയം (എംഇഎ), ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എന്നിവ ഏകോപിപ്പിച്ച നടത്തിയ നീക്കത്തിനൊടുവിലാണ് നാടുകടത്തൽ നടപടി പൂർത്തിയാക്കിയത്.
.
വ്യാഴാഴ്ച ഇവർ ഇന്ത്യയിലെത്തിയതായി സിബിഐ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ട്രാക്കിംഗിനും സഹകരണത്തിനുമായി ഇന്റർപോൾ വഴി 2023 ഒക്ടോബർ 5-ന് ഷീല കല്യാണിക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം സൗദി അറേബ്യയിലേക്ക് പോവുകയും ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
.
പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഇന്റർപോൾ പ്രസിദ്ധീകരിക്കുന്ന റെഡ് നോട്ടീസുകൾ ലോകമെമ്പാടുമുള്ള നിയമ നിർവ്വഹണ ഏജൻസികളുമായി പങ്കുവെക്കാറുണ്ട്.
ഇന്റർപോളിനായുള്ള ഇന്ത്യയുടെ ദേശീയ കേന്ദ്ര ബ്യൂറോയായി പ്രവർത്തിക്കുന്നത് സിബിഐ ആണ്. സമീപ വർഷങ്ങളിൽ ഇന്റർപോൾ വഴിയുള്ള ചാനലുകളിലൂടെ 130-ലധികം പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളെ ഇന്ത്യയിലേക്ക് വിജയകരമായി തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും സിബിഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.


