ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; സംസ്ഥാനത്താകമാനം യു.ഡി.എഫിൻ്റെ പ്രതിഷേധം

കോഴിക്കോട്: തിരുവനന്തപുരം: പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരേമ്പ്ര നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ സംസ്ഥാനത്താകമാനം യുഡിഎഫിന്റെ പ്രതിഷേധം. വെള്ളയാഴ്ച വൈകുന്നേരം പോലീസ് നടപടിക്കിടെ പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എം.പിക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്താകമാനം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെ പലയിടത്തും പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി.
.

സെക്രട്ടേറിയേറ്റിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസുമായി വലിയ സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സ്ഥാപിച്ച ബാനറുകള്‍ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. കോഴിക്കോട് നഗരത്തിലും പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനത്തിനിടെ നഗരത്തില്‍ എല്‍ഡിഎഫ് സ്ഥാപിച്ച വികസന മുന്നേറ്റ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു.

മര്‍ദനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പെട്ടിട്ടുള്ള സ്വര്‍ണ കള്ളക്കടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പോലീസ് നടപടിയെന്ന് ഷാഫി പറമ്പില്‍ എം.പി ആരോപിച്ചു. പരിക്കേറ്റ ഷാഫി പറമ്പില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണൂരിലും ആലപ്പുഴയിലും കൊച്ചിയിലുമെല്ലാം യുഡിഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
.
പേരാമ്പ്രയില്‍ സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തിൽ പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ക്കും പരിക്കുണ്ട്. കണ്ണീര്‍വാതക പ്രയോഗവും നടന്നു. മുഖത്ത് പരിക്കേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.
പേരാമ്പ്ര സികെജി കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പേരമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താനും തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ച് സിപിഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെയാണ് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തത്. ഇതിനിടെ പോലീസിന് നേരെ കല്ലേറും ഉണ്ടായി.

Share