ന്യൂമാഹി ഇരട്ടക്കൊലക്കേസ്: കൊടിസുനിയും മുഹമ്മദ് ഷാഫിയും ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു
തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010-ല്‍ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വിധി പുറപ്പെടുവിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുള്‍പ്പെടെ 16 സിപിഎം പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. രണ്ട് പ്രതികള്‍ സംഭവശേഷം മരിച്ചു.
.
ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. 2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ചാണ് കൊലപാതകം നടന്നത്. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പള്ളൂര്‍ കോയ്യോട് തെരുവിലെ ടി.സുജിത്ത് (36), മീത്തലെച്ചാലില്‍ എന്‍.കെ.സുനില്‍കുമാര്‍ (കൊടി സുനി-40), നാലുതറയിലെ ടി.കെ.സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസില്‍ കെ.കെ.മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി.പി.ഷമില്‍ (37), കവിയൂരിലെ എ.കെ.ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ.അബ്ബാസ് (35), ചെമ്പ്രയിലെ രാഹുല്‍ (33), നാലുതറ കുന്നുമ്മല്‍വീട്ടില്‍ വിനീഷ് (44), നാലുതറ പടിഞ്ഞാറെപാലുള്ളതില്‍ പി.വി.വിജിത്ത് (40), പള്ളൂര്‍ കിണറ്റിങ്കല്‍ കെ.ഷിനോജ് (36), ന്യൂമാഹി അഴീക്കല്‍ മീത്തലെ ഫൈസല്‍ (42), ഒളവിലം കാട്ടില്‍ പുതിയവീട്ടില്‍ സരീഷ് (40), ചൊക്ലി തവക്കല്‍ മന്‍സില്‍ ടി.പി.സജീര്‍ (38) എന്നിവരാണ് പ്രതികള്‍. 10-ാം പ്രതി സി.കെ. രജികാന്ത്, 12-ാംപ്രതി മുഹമ്മദ് രജീസ് എന്നിവര്‍ സംഭവശേഷം മരിച്ചു.
.
കേസിന്റെ വിചാരണയ്ക്ക് ജയിലില്‍നിന്നെത്തിയ സുനി ഹോട്ടലിലെ പാര്‍ക്കിങ് സ്ഥലത്ത് സഹതടവുകാരോടൊപ്പം മദ്യപിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത് വിവാദമായിരുന്നു. അതിനുശേഷം കേസില്‍ ഓണ്‍ലൈനായാണ് സുനി ഹാജരായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സുനിയെ പിന്നീട് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജനുവരി 22-നാണ് കേസില്‍ വിചാരണ തുടങ്ങിയത്. ജൂലായില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ 44 സാക്ഷികളെയും പ്രതിഭാഗം രണ്ടു സാക്ഷികളെയും വിസ്തരിച്ചു. കൊല്ലപ്പെട്ട ഷിനോജിന്റെ പോലീസ് സ്റ്റേഷനിലുള്ള ബൈക്ക് വിചാരണ തുടങ്ങിയ ദിവസം കോടതിയില്‍ ഹാജരാക്കി.
.
വിചാരണ തുടങ്ങുമ്പോള്‍ പരോളിലായിരുന്ന കൊടി സുനി കോടതി അനുമതിയോടെയാണ് വിചാരണയ്ക്ക് ഹാജരായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു പരോള്‍. നാലാംപ്രതി മുഹമ്മദ് ഷാഫി, 13-ാംപ്രതി ഷിനോജ് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് വിചാരണയ്‌ക്കെത്തിയത്.


