‘ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പൂർണമായും പിന്മാറണം, കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്ക് വീടുകളിലേക്ക് തിരുച്ചുവരാൻ അവസരമുണ്ടാകണം’; ഉപാധികൾ മുന്നോട്ടുവെച്ച് ഹമാസ്
കെയ്‌റോ/ദോഹ: ഇസ്രായേലും ഫലസ്തീനിലെ ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ ചർച്ചകൾ രണ്ടാം ദിവസവും കെയ്റോയിൽ പുരോഗമിക്കുന്നു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലിലാണ് കെയ്‌റോയിൽ ചർച്ച പുരോഗമിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് ട്രംപ് മുന്നോട്ട് വെച്ച 20 ഇന സമാധാന പദ്ധതികളിലാണ് ചർച്ച.
ഇന്ന് നടന്ന ചർച്ചയിൽ ഹമാസ് ചില നിർണായക ഉപാധികൾ മുന്നോട്ട് വെച്ചു. ഗസ്സയിൽനിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീൻ പൗരന്മാർക്ക് സുരക്ഷിതമായി തങ്ങളുടെ വീടുകളിലേക്ക് തിരിച്ച് വരാൻ അവസരം ഒരുക്കണമെന്നാണ് പ്രധാന ഉപാധി. കുടിയിറക്കപ്പെട്ടവരുടെ മടങ്ങിപ്പോക്കിനെ ചൊല്ലിയുള്ള തർക്കമാണ് നിലവിൽ വെടിനിർത്തൽ കരാർ വൈകുന്നതിലെ മുഖ്യ തടസ്സം.
ഹമാസ് മുന്നോട്ട് വെച്ചതും അന്താരാഷ്ട്ര മധ്യസ്ഥർ ചർച്ച ചെയ്യുന്നതുമായ പ്രധാന ഉപാധികളും വെടിനിർത്തൽ ഘട്ടങ്ങളും താഴെക്കൊടുക്കുന്നു:
- പലായനം ചെയ്തവരുടെ മടങ്ങിപ്പോക്ക്:
- വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത പത്ത് ലക്ഷത്തിലധികം വരുന്ന ആളുകൾക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തിരികെ വരാൻ ഇസ്രായേൽ അനുവദിക്കണം.
- ഇസ്രായേൽ സൈന്യം സ്ഥാപിച്ച ‘നെറ്റ്സരിം ഇടനാഴി’ പോലുള്ള തടസ്സങ്ങൾ നീക്കം ചെയ്ത് റാഷിദ് സ്ട്രീറ്റ്, സലാഹുദ്ദീൻ സ്ട്രീറ്റ് തുടങ്ങിയ പ്രധാന പാതകളിലൂടെ സുരക്ഷിതമായി മടങ്ങിയെത്താൻ സൗകര്യം ഒരുക്കണം.
- ഹമാസിനെതിരിൽ ഇസ്രായേൽ ഏർപ്പെടുത്താൻ ശ്രമിക്കുന്ന സുരക്ഷാ പരിശോധനകളെയും ഹമാസ് ശക്തമായി എതിർക്കുന്നു.
- ബന്ദി-തടവുകാർ കൈമാറ്റം:
- ആദ്യഘട്ടത്തിൽ, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുക.
- ഇതിനു പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന വധശിക്ഷയ്ക്ക് വിധിച്ചവരെയും ജീവപര്യന്തം തടവുകാരെയും ഉൾപ്പെടെ നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ വിട്ടയക്കുക.
- ഇസ്രായേൽ സൈനിക പിന്മാറ്റം:
- വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുക.
- യുദ്ധത്തിനു മുൻപ് ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചിരുന്ന പ്രദേശങ്ങളിലേക്ക് (ഉദാഹരണത്തിന്, ‘യെല്ലോ ലൈൻ’) സൈനികരെ പിൻവലിക്കണം.
- മാനവീക സഹായം:
- ഗാസയിലേക്ക്, പ്രത്യേകിച്ച് വടക്കൻ ഗാസയിലേക്ക്, പ്രതിദിനം 600 ട്രക്കുകൾ എന്ന തോതിൽ ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഉൾപ്പെടെയുള്ള മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം.
ഹമാസിന്റെ ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ സമാധാന ചർച്ചകൾക്ക് പുതിയ വഴി തുറക്കൂ എന്നും, ഗാസയിൽ ഒരു സ്ഥിരമായ വെടിനിർത്തൽ സാധ്യമാകൂ എന്നും അന്താരാഷ്ട്ര ഏജൻസികൾ അഭിപ്രായപ്പെടുന്നു.


