‘സമാധാന പദ്ധതിവേണ്ട, ഗസ്സ യുദ്ധം അവസാനിപ്പിക്കരുത്’; ഗസ്സ വിഷയത്തിൽ നെതന്യാഹുവിനെതിരെ തീവ്ര വലതുപക്ഷം, സർക്കാരിൽനിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്
ടെൽ അവീവ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തുവന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് സർക്കാരിനെതിരെ ഈ പാർട്ടികൾ പരസ്യമായി രംഗത്തെത്തിയത്.
.
‘ഇസ്രയേൽ രാഷ്ട്രത്തിന് ഏറ്റവും വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സാഹചര്യത്തെയും ഞങ്ങൾക്ക് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.’ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. കൂട്ടുകക്ഷി സർക്കാരിൽനിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയ അദ്ദേഹം ഒരു തരത്തിലും നിലവിലെ സമാധാന പദ്ധതിയിൽ പങ്കാളികളാകില്ലെന്നും വ്യക്തമാക്കി.
.
ഗസ്സയിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുന്നത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് ഇസ്രയേൽ ധനമന്ത്രി ബെസാലേൽ സ്‌മോട്രിച്ച് മുന്നറിയിപ്പ് നൽകി. ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക, ഗസ്സയുടെ സൈനിക നിരായുധീകരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ അത്തരമൊരു നീക്കം ഇസ്രയേലിന്റെ മേൽക്കൈ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിലെ 120 സീറ്റുകളിൽ 13 എം.പിമാരുള്ള ബെൻ ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ സഖ്യം തകരും. ട്രംപിന്റെ പദ്ധതി മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിനെ താൽക്കാലികമായി പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പകരമായി നെതന്യാഹുവിന് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
.
യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹു വളരെയധികം വിട്ടുവീഴ്ചകൾ ചെയ്തതായാണ് മന്ത്രിസഭയിലെ സഹപ്രവർത്തകരുടെ ആരോപണം. തീവ്ര വലതുപക്ഷ പാർട്ടികൾക്ക് ഏറെ സ്വാധീനമുള്ള സഖ്യ സർക്കാർ തകരാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകരും പങ്കുവക്കുന്നത്. 2026 ഒക്ടോബറിലാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും ഈ സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്നാണ് പൊതുവെ കരുതുന്നത്.
അതേസമയം, ബോംബാക്രമണങ്ങൾ നിർത്തിവച്ചിട്ടുണ്ടെന്നും എന്നാൽ വെടിനിർത്തൽ നിലവിലില്ലെന്നും ഇസ്രയേൽ സർക്കാർ വക്താവ് ഷോഷ് ബെഡ്രോസിയൻ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. പ്രതിരോധ ആവശ്യങ്ങൾക്കായി ഇസ്രയേൽ പ്രതിരോധ സേന പ്രവർത്തനങ്ങൾ തുടരുമെന്നും അവർ പറഞ്ഞു.
ഹമാസിനെ നിരായുധീകരിക്കാനുള്ള സമയക്രമം വ്യക്തമായി നൽകാത്തതിനും പലസ്തീൻ രാഷ്ട്ര രൂപീകരണത്തെക്കുറിച്ച് അവ്യക്തമായ പരാമർശിക്കുന്നതും ഇസ്രയേലിലെ തീവ്ര വലതുപക്ഷ പങ്കാളികളെ പ്രകോപിച്ചിട്ടുണ്ട്. നെതന്യാഹു സർക്കാർ അവസാനത്തോട് അടുക്കുകയാണെന്ന് 1990-കളിൽ നെതന്യാഹുവിനൊപ്പം പ്രവർത്തിച്ചിരുന്ന ഇസ്രയേലി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ മിച്ചൽ ബരാക്ക് പറഞ്ഞു.
ട്രെപിന്റെ 20 ഇന സമാധാന പദ്ധതി പ്രകാരം ഇസ്രയേലും ഹമാസും തമ്മിലുള്ള ചർച്ചകൾ തിങ്കളാഴ്ച ഈജിപ്തിലെ ചെങ്കടൽ തീരനഗരമായ ഷറം അൽ ഷെയ്ഖിൽ ആരംഭിച്ചു. ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗസ്സയിൽ ശേഷിക്കുന്ന 48 ബന്ദികളിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്.


