‘മലയാളോത്സവം’; മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തും, ജിദ്ദയിലും റിയാദിലും ദമ്മാമിലും ഒരുക്കങ്ങൾ ആരംഭിച്ചു

ജിദ്ദ: ‘മലയാളോത്സവം’ ത്തിൻ്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സൗദിയിലും ബഹറൈനിലും എത്തും. സന്ദർശനത്തിന് മുന്നോടിയായി സൗദിയിലെ വിവിധ നഗരങ്ങളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. പ്രത്യേക സംഘടക സമിതി രൂപീകരിച്ചാണ് ഒരുക്കങ്ങൾ.
.
മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള മലയാളം മിഷൻ ആണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്. സൌദിയിൽ മുഖ്യമന്ത്രിക്കു പുറമേ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ. സജി ചെറിയാൻ, മറ്റു മന്ത്രിമാർ നോർക്ക ഡിയറക്ടർ ബോർഡ്‌ അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്..
.
ഈ മാസം 16നാണ് മുഖ്യമന്ത്രി ബഹറൈനിൽ എത്തുക. തുടർന്ന് 17ന് ദമ്മാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്തും. കേരള ലോകസഭാംഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ ദമ്മാമിൽ വിളിച്ചു ചേർത്ത പരിപാടിയിൽ ഇടത് അനുകൂല കൂട്ടായ്മ ഭാരവാഹികളും സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തുള്ളവരും പങ്കെടുത്തു. എന്നാൽ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു. വരാനിരിക്കുന്ന ത്രിതല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് കൊണ്ടുള്ള രാഷ്ട്രീയ സന്ദർശനം മാത്രമാണ് മുഖ്യമന്ത്രിയുടേതെന്നാണ് യുഡിഎഫ് സംഘടന ഭാരവാഹികൾ ആരോപിക്കുന്നത്.
.
ജിദ്ദയിൽ ഈ മാസം 8ന് ബുധനാഴ്ച വൈകുന്നേരമാണ് യോഗം നിശ്ചയിച്ചിട്ടുള്ളത്. വിപുലമായ രീതിയിൽ തന്നെ മലയാളോത്സവം സംഘടിപ്പിക്കാനാണ് ജിദ്ദ മേഖല മലയാളം മിഷൻ്റെ തീരുമാനം. എന്നാൽ ഏറ്റവും വിപുലമായ പരിപാടികളാണ് 19ന് റിയാദിൽ നടക്കുന്ന മലയാളോത്സവത്തിൽ ഉദ്ദേശിക്കുന്നതെന്നാണ് സംഘടാകരിൽ നിന്ന് അറിയാൻ സാധിച്ചത്.

 

Share
error: Content is protected !!