കേന്ദ്രാനുമതി ലഭിച്ചു; രാമനാട്ടുകര മുതൽ കരിപ്പൂർ എയർപോർട്ട് റോഡ് വരെ നാല് വരി ദേശീയപാതയാകും, 12 ഹെക്ടർ ഭൂമി ഏറ്റെടുക്കും
രാമനാട്ടുകര (കോഴിക്കോട്): മലബാറിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന രാമനാട്ടുകര-കോഴിക്കോട് എയർപോർട്ട് റോഡ് ദേശീയപാതയായി ഉയർത്തുന്നു (ചിത്രം പ്രതീകാത്മകം). പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിന് ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി ഏജൻസിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ എൻഎച്ച്എഐ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
.
ദേശീയപാതയായി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ചഘട്ടത്തിൽ വിശദമായി സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ നിർദേശവും സമർപ്പിച്ചിരുന്നു. എൻഎച്ച്എഐ തയ്യാറാക്കിയ നിർദിഷ്ട ഗ്രീൻഫീൽഡ് പാതാ അലൈൻമെന്റിൽ കരിപ്പൂർമുതൽ രാമനാട്ടുകരവരെയുള്ള ഭാഗം ഉൾപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽക്കൂടിയാണ് വിമാനത്താവള റോഡ് വികസനത്തിന് പ്രത്യേകപദ്ധതിക്ക് ആവശ്യമുന്നയിച്ചിരുന്നത്. കിഫ്ബിവഴി റോഡ് നവീകരണത്തിനുള്ള ശ്രമവും സംസ്ഥാന പൊതുമരാമത്തുവിഭാഗം നടത്തിയിരുന്നു. ഇതിന്റെ ചർച്ചകൾ നടന്നുവരവെയാണ് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നത്.
.
12 കിലോമീറ്ററിൽ നാലുവരിപ്പാത
രാമനാട്ടുകര ബൈപ്പാസ് ജങ്ഷൻമുതൽ കൊണ്ടോട്ടി കൊളത്തൂർ ജങ്ഷൻവരെയുള്ള 12 കിലോമീറ്റർ പാത 24 മീറ്റർ വീതിയിൽ വികസിപ്പിക്കാനാണ് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടത്. ഇതിനായി ഏകദേശം 12 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.
ഡിപിആർ തയ്യാറാക്കുന്നതിനുമുന്നോടിയായി അലൈൻമെന്റ്, സാധ്യതാപഠനം എന്നിവ നടത്തുന്നതിന് സംസ്ഥാനസർക്കാർ നേരത്തേ 33.70 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഡിവൈഡർ, നടപ്പാത, ഓട, ബസ് ബേ, വിശ്രമകേന്ദ്രം, ശൗചാലയം കോംപ്ലക്സ് തുടങ്ങിയ ആധുനികസൗകര്യങ്ങളോടുകൂടിയ റോഡ് വികസനമാണ് വിഭാവനംചെയ്യുന്നത്. പൊതുമരാമത്ത് ദേശീയപാതാവിഭാഗം ചീഫ് എൻജിനിയർ തയ്യാറാക്കിയ പ്രാഥമികപഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുണ്ടായിരുന്നത്. കേന്ദ്രത്തിന്റെ ഡിപിആറിൽ ഇതിൽ ചില മാറ്റങ്ങൾവന്നേക്കുമെന്നും വിവരമുണ്ട്.
.
ഡിപിആർ തയ്യാറാക്കാൻ എൻഎച്ച്എഐക്ക് ചുമതല
കുരുക്കഴിയും; ജനങ്ങൾക്ക് ആശ്വാസം
ദേശീയപാതാ 66-ന്റെ വികസനം സാധ്യമാകുന്നഘട്ടത്തിൽ അതുമായി ബന്ധിപ്പിക്കുന്ന പ്രധാനറോഡാണ് എയർപോർട്ട് റോഡ്. നിലവിൽ റോഡിന് വീതിയില്ലാത്തതിനാൽ തിരക്കുള്ളസമയങ്ങളിൽ രാമനാട്ടുകര ജങ്ഷനിലും വൈദ്യരങ്ങാടി, കൊട്ടപ്പുറം, പുളിക്കൽ, എയർപോർട്ട് ജങ്ഷൻ എന്നിവിടങ്ങളിലും കടുത്ത ഗതാഗതക്കുരുക്കാണ്. ദേശീയപാതാ 66-നെ കോഴിക്കോട് വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ഈ പാത ദേശീയപാതാ നിലവാരത്തിലെത്തുന്നത് മേഖലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ടാകും.


