ഗസ്സയിൽ ബോംബാക്രമണം തുടരുന്നതിനിടയിലും ഇസ്രയേലിനെ അഭിനന്ദിച്ച് ട്രംപ്, താമസം പാടില്ലെന്ന് ഹമാസിന് മുന്നറിയിപ്പും; യുഎസിൻ്റെ പദ്ധതി അപകടം നിറഞ്ഞതെന്ന് ഹിസ്ബുള്ള
വാഷിങ്ടണ്‍: ഗാസയിലെ ബോംബാക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിന് ഇസ്രയേലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിനന്ദനം. ഇതിനൊപ്പം സമാധാനകരാറില്‍ എത്രയും വേഗം നടപടികള്‍ തുടങ്ങണമെന്ന് ഹമാസിന് അദ്ദേഹം മുന്നറിയിപ്പും നല്കി. എത്രയുംവേഗത്തില്‍ ഹമാസ് പ്രവര്‍ത്തിക്കണമെന്നും ഇതില്‍ എന്തെങ്കിലും കാലതാമസം വന്നാല്‍ അത് വെച്ചുപൊറുപ്പിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇസ്രായേൽ ഗസ്സയിൽ ബോംബാക്രമണം രൂക്ഷമായി തുടരുന്നതിനിടയിലാണ് ട്രംപിൻ്റെ അഭിനന്ദനം.
.
”സമാധാന കരാര്‍ പൂര്‍ത്തിയാക്കാനും ബന്ദികളുടെ മോചനം യാഥാര്‍ഥ്യമാക്കാനും ഇസ്രയേല്‍ താത്കാലികമായി ബോംബിങ് നിര്‍ത്തിയതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഹമാസ് വേഗത്തില്‍ നടപടികള്‍ കെെക്കൊള്ളണം. പലരും ഇതിന് കാലതാമസമുണ്ടാകുമെന്ന് കരുതുന്നു. പക്ഷേ, കാലതാമസവും ഗാസ വീണ്ടും സുരക്ഷാഭീഷണിയാകുന്ന ഒരു സാഹചര്യവും ഞാന്‍ അനുവദിക്കില്ല. നമുക്ക് ഇത് വേഗം നടപ്പാക്കാം. എല്ലാവരെയും നീതിപൂര്‍വം പരിഗണിക്കും” ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം, ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ നിര്‍ത്തിയതായി ട്രംപ് അവകാശപ്പെട്ടെങ്കിലും ശനിയാഴ്ച മാത്രം മേഖലയില്‍ 40-ലധികം പേര് കൊല്ലപ്പെട്ടതായാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 40-ലേര്‍ മരിച്ചത്.
ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതി ഭാഗികമായി മാത്രമാണ് ഹമാസ് അംഗീകരിച്ചിട്ടുള്ളത്. ട്രംപിന്റെ 20 ഇന നിര്‍ദേശങ്ങളില്‍ പല നിര്‍ദേശങ്ങളോടും ഹമാസ് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ പല കാര്യങ്ങളിലും ചർച്ച വേണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ട്രംപിന്റെ ഗാസ സമാധാന പദ്ധതി അപകടങ്ങള്‍ നിറഞ്ഞതാണെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. യുദ്ധം നടത്തിയിട്ടും പരാജയപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാനായി ഇസ്രയേല്‍ ഈ സമാധാന നിര്‍ദേശങ്ങള്‍ ഉപയോഗിക്കുകയാണെന്നും ഹിസ്ബുള്ള ആരോപിച്ചു. ഫലസ്തീനിലെ ഭൂമി കൈക്കലാക്കാനും പലസ്തീനികളുടെ സ്വയം നിര്‍ണായവകാശം ഇല്ലാതാക്കാനും ഇസ്രയേല്‍ ഈ പദ്ധതി ഒരു മറയായി ഉപയോഗിക്കുമെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം. എന്നാല്‍, ട്രംപിന്റെ സമാധാന പദ്ധതി സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ അന്തിമതീരുമാനം ഹമാസിന്റേതാണെന്നും ഹിസ്ബുള്ള നേതാവ് നയീം ഖാസിം പറഞ്ഞു.


