‘മുമ്പ് ലോട്ടറി അടിച്ചവരുടെ അനുഭവം കേട്ട് അവർ പേടിച്ചിരിക്കുകയാണ്, കിടന്നുറങ്ങാൻ പറ്റില്ലെന്നാണ് പറയുന്നത്’; ഭാഗ്യശാലി വീടുപൂട്ടി പോയി
കൊച്ചി: ഓണം ബംപർ അടിച്ചത് നെട്ടൂർ സ്വദേശിക്കാണെന്ന് സൂചന. വീട് പൂട്ടി ഇവർ മകളുടെ വീട്ടിലേക്ക് മാറിയതായി ലോട്ടറി വിറ്റ എം.ടി. ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു. പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്നാണ് അവർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. രഹസ്യമായിത്തന്നെ ഇക്കാര്യം സൂക്ഷിക്കണമെന്ന് പറയുന്നതായി ലോട്ടറി ഏജന്റ് ലതീഷ് പറയുന്നു. ഇവർ മാധ്യമങ്ങളെ കാണുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. നെട്ടൂരിൽ താമസമാക്കിയ ജോലിചെയ്യുന്ന സ്ത്രീയ്ക്കാണ് 25 കോടിയുടെ ബമ്പർ അടിച്ചിരിക്കുന്നത്.
.
കഴിഞ്ഞ ദിവസം രാത്രിയോടെ ടിക്കറ്റിന്റെ ഫോട്ടോ കടയുടമയുടെ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ചില ആളുകളോടും ലോട്ടറി അടിച്ച കാര്യം ഇവർ നേരിട്ടല്ലാതെ സമ്മതിക്കുകയും ചെയ്തിരുന്നു. രാവിലെ ഇവരുടെ വീട്ടിലേക്ക് ലോട്ടറി ഉടമയുടെ സുഹൃത്തുക്കൾ ചെന്നപ്പോഴാണ് വീട് പൂട്ടി ഇവർ മകളുടെ വീട്ടിലേക്ക് മാറിയ വിവരമറിഞ്ഞത്. ഈ വിവരം പുറത്തുപറയാൻ ആഗ്രഹമില്ലെന്നാണ് ഇവർ ഇപ്പോൾ വ്യക്തമാക്കുന്നത്.
.
‘ഇതിന് മുമ്പ് ലോട്ടറി അടിച്ചവരുടെ അനുഭവങ്ങൾ യൂട്യൂബിലൊക്കെ കാണാം. അതൊക്കെ കേട്ട് അവര് പേടിച്ചിരിക്കുകയാണ്. അവർക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ലെന്നാണ് അവര് പറയുന്നത്. എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയില്ല. അവരെ കണ്ട് കൈ കൊടുക്കുക എന്നതല്ലാതെ മറ്റൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല’- ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് പറഞ്ഞു.
ആരൂല്ലാത്ത കുടുംബമാണ്. അവരെ കുഴപ്പത്തിലാക്കരുത്. എന്നെയും കുഴപ്പത്തിലാക്കരുത്. ഞാൻ ഇത് വിറ്റാണ് താമസിക്കുന്നത്- ലതീഷ് പറഞ്ഞു. ഈ ആൾക്കൂട്ടം ഒക്കെ കണ്ടാൽ അവര് ഈ നാട്ടിൽ നിന്ന് തന്നെ പോകും. നാളെയോ മറ്റന്നാളോ ആയി അവർ ബാങ്കിൽ കൊണ്ടുപോയി കൊടുക്കും. കൂടുതൽ കാര്യം തനിക്കറിയില്ലെന്ന് ലതീഷ് പറഞ്ഞു.
.
സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ലെന്നും ഓണം ബംപറായതിനാൽ എടുത്തതാണെന്നും ലതീഷ് പറയുന്നു. ലതീഷിന്റെ കടയിൽനിന്നും പ്രദേശവാസികളാണ് കൂടുതലായും ലോട്ടറി വാങ്ങുന്നത്. നാട്ടുകാർക്ക് ലോട്ടറി അടിക്കണമെന്നും ലതീഷ് പറഞ്ഞിരുന്നു. ലോട്ടറി അടിച്ചത് വനിതയ്ക്കാണെന്ന് സൂചനകളുണ്ട്. 25 കോടിയാണ് സമ്മാനത്തുക. നികുതി കഴിഞ്ഞുള്ള തുക ജേതാവിന് നൽകും.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു നറുക്കെടുത്ത സമയം മുതൽ ബംപർ സമ്മാന ജേതാവ് കാണാമറയത്താണ്. എറണാകുളം നെട്ടൂർ ഐഎൻടിയുസി ജംക്ഷനിലെ രോഹിണി ട്രേഡേഴ്സ് വഴി വിറ്റ ‘ടിഎച്ച് 577825’ എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസീസ് പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫിസിൽ നിന്നു വാങ്ങി, വൈറ്റില ശാഖ വഴി രോഹിണി ട്രേഡേഴ്സ് ഉടമയും ലോട്ടറി ഏജന്റുമായ കുമ്പളം മുറിപ്പറമ്പിൽ എം.ടി. ലതീഷിനു കൈമാറിയ ടിക്കറ്റാണിത്.
ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ളതും വ്യത്യസ്ത സീരിസിലുള്ളതുമായ മറ്റ് 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഈ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം അച്ചടിച്ചത്. അച്ചടി പിശക് സംഭവിച്ച ഒരെണ്ണമൊഴികെ മുഴുവൻ ടിക്കറ്റുകളും വിറ്റു.


