കസ്റ്റംസ് നീക്കം നിയമവിരുദ്ധം, വാഹനങ്ങള്‍ വിട്ടുകിട്ടണം; ദുല്‍ഖര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഭൂട്ടാനില്‍ നിന്ന് എസ് യു വികള്‍ കേരളത്തിലേക്ക് കടത്തിയ ഓപ്പറേഷന്‍ നുംഖൂര്‍ കേസില്‍ കസ്റ്റംസ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കേസിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ അടക്കം ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ദുല്‍ഖറിന്റെ കൈവശമുള്ള വാഹന ശേഖരത്തില്‍ നിയമവിരുദ്ധമായെത്തിയ വാഹനങ്ങള്‍ ഇനിയുമുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു.

എന്നാല്‍ കസ്റ്റംസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെടുന്നു. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഹൈക്കോടതിൽ നൽകിയ ഹർജിയിൽ ദുൽഖർ ആരോപിച്ചു. ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിവരം. ഹര്‍ജി നാളെ പരിഗണിച്ചേക്കുമെന്നും റിപ്പോട്ടുണ്ട്.

വ്യക്തി എന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തത് എന്നും ദുൽഖർ ഹർജിയിൽ പറയുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നു എന്ന രീതിയിൽ വ്യാപകമായ പബ്ലിസിറ്റിയാണ് നൽകിയത്. എന്തു താൽപര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല. എല്ലാ വിധത്തിലും നിയപരമായി റജിസ്റ്റർ ചെയ്തിട്ടുള്ളതാണ് തന്റെ വാഹനമെന്ന് വ്യക്തമാക്കുന്ന ദുർഖർ വാഹനം എങ്ങനെയാണ് താൻ വാങ്ങിയത് എന്നും വിശദീകരിക്കുന്നു.

ഇൻവോയിസ് അനുസരിച്ച് ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ന്യൂഡൽഹിയിലെ റീജിണൽ ഡലിഗേഷനു വേണ്ടി ഇറക്കുമതി ചെയ്തതാണ് വാഹനം. അതിനു ശേഷം ഇതിന്റെ ഉടമസ്ഥർ തമിഴ്നാട്ടിലെ പുതുക്കോട്ടെയിലുള്ള താജ് മഹൽ ടുബാക്കോ പ്രൈ. ലിമിറ്റഡാണ്. അതിന്റെ ഉടമസ്ഥൻ ഹബീബ് മുഹമ്മദിൽ നിന്നാണ് താൻ വാഹനം വാങ്ങിയ ആർതീ പ്രൊമോട്ടേഴ്സിന് വാഹനം ലഭിച്ചത് എന്നാണ് മനസിലാകുന്നതെന്നും ദുൽഖർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2016ൽ ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള താജ് മഹൽ കമ്പനിയുടെ രേഖയും താൻ സമർപ്പിച്ചിരുന്നു എന്ന് ദുൽഖർ പറയുന്നു. തങ്ങളാണ് വാഹനം വാങ്ങിച്ചതെന്ന് കാട്ടി ആർതീ പ്രൊമോട്ടേഴ്സ് നൽകിയ രേഖകളും താൻ ഹാജരാക്കിയിരുന്നുവെന്ന് ദുൽഖർ വ്യക്തമാക്കി.

വാഹന കൈമാറ്റം എല്ലാ വിധത്തിലും നിയമവിധേയമാണെന്നും വാഹനം ഗതാഗത വകുപ്പിൽ കൃത്യമായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണ് താൻ വാഹനം വാങ്ങിയതെന്ന് ദുൽഖർ ഹർജിയിൽ പറയുന്നു. വാഹനത്തിന്റെ ഇറക്കുമതിയും നിയമപരമാണെന്നാണ് ഇൻവോയിസും കസ്റ്റംസ് രേഖകളും തെളിയിക്കുന്നത് എന്നാണ് മനസിലായതും. അതല്ലാതെ 2004 മുതൽ ഒരു വാഹനം എങ്ങനെയൊക്കെ കൈമാറിയെന്ന് ഒരു വ്യക്തിക്ക് പരിശോധിച്ചറിയാനുള്ള സംവിധാനം ഇവിടെയില്ല എന്നും ദുൽഖർ ചൂണ്ടിക്കാട്ടുന്നു.
.
കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വന്നപ്പോൾ തന്റെ പ്രതിനിധി വാഹനം സംബന്ധിച്ച എല്ലാ രേഖകളും കൈമാറിയെങ്കിലും അതൊന്നു നോക്കുക കൂടി ചെയ്യാതെ അവ കൊണ്ടുപോവുകയായിരുന്നു. എന്തൊക്കെ രേഖകൾ സ്വീകരിച്ചു എന്നതും അറിയിച്ചില്ല. തുടർന്ന് ഈ മാസം 23ന് വാഹനം പിടിച്ചെടുക്കുകയായിരുന്നു. വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധവും അത് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം.

നിയമപരമായി തന്നെയാണ് വാഹനം ഇറക്കുമതി നടത്തിയവർ അത് ചെയ്തിരിക്കുന്നത് എന്നാണ് ബില്ലുകൾ തെളിയിക്കുന്നത്. അതിന്റെ ഇൻവോയിസ് അടക്കം ഹാജരാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എങ്ങനെയാണ് വാഹനം ഇവിടെ എത്തിയത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാതെ പിടിച്ചെടുക്കാൻ പാടില്ല. വാഹനത്തിന്റെ നിയമപരമായ ഉടമസ്ഥൻ എന്ന കാര്യത്തിന് തെളിവുണ്ടെന്നിരിക്കെ, വെറും സംശയത്തിന്റെ പേരിൽ ഇത്തരം നടപടികൾ പാടില്ലെന്നും ഹർജിയിൽ പറയുന്നു.
.
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയിൽ കഴി‍ഞ്ഞ ദിവസമാണ് ദുൽഖർ സൽമാന്റെ തമിഴ്നാട് റജിസ്ട്രേഷനുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തത്.

കേസിന്റെ ഭാഗമായി 38 വാഹനങ്ങള്‍ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു.

ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി തുടങ്ങുന്നത്. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

ഭൂട്ടാന്‍ ആര്‍മിയും മറ്റും ഉപേക്ഷിച്ച വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Share
error: Content is protected !!