എൻജിനീയറിങ് ബിരുദധാരി; ഗൾഫിൽനിന്നുള്ള ലഹരി മാഫിയയുടെ മുഖ്യ ഏജൻ്റ്, നാട്ടിലെത്തിയ മലയാളി യുവതിയെ നാടകീയമായി പിടികൂടി
കൊല്ലം: നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരു പ്രവാസി യുവതിയും അറസ്റ്റിലായി. മാങ്ങാട് ശശി മന്ദിരം വീട്ടിൽ ഹരിത (27) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഒമാനിൽ നിന്നുള്ള എംഡിഎംഎ കച്ചവടത്തിന്റെ മുഖ്യ ഏജന്റാണ് ഹരിത. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി.
വിപണിയിൽ 5 ലക്ഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎയുമായി ഓഗസ്റ്റ് 24ന് പുന്തലത്താഴം സ്വദേശി അഖിൽ ശശിധരനെ സിറ്റി ഡാൻസാഫും വെസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അഖിലിനെ ചോദ്യം ചെയ്തതിൽ നഗരത്തിലെ എംഡിഎംഎ വിതരണത്തിന്റെ മുഖ്യ ശൃംഖല ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായൺ, എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിരുന്നു.
.
എംഡിഎംഎ വാങ്ങുന്നതിനായി അഖിലിനെ കാത്തു നിന്ന കല്ലുംതാഴം സ്വദേശി അവിനാശിനെ അന്ന് വൈകിട്ട് തന്നെ പിടികൂടി. അഖിലിനെ പിടികൂടിയത് അറിഞ്ഞു ഒളിവിൽ പോയ രണ്ടാമത്തെ വിതരണക്കാരായ കൊല്ലം അമ്മച്ചി വീട് സ്വദേശി ശരത്തിനെ എംഡിഎംഎ കച്ചവടം നടത്തുന്നതിനിടയിൽ 12 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹരിതയിലേക്ക് പൊലീസ് എത്തിയത്. എൻജിനീയറിങ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കൾ ഒമാനിലാണ്.
മങ്ങാട്ട് അമ്മൂമ്മയോടൊപ്പമാണ് താമസം. രണ്ടാം പ്രതി അവിനാഷും ഹരിതയും കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. പഠനം കഴിഞ്ഞ ശേഷമാണ് ലഹരി കച്ചവടത്തിലേക്കു തിരിഞ്ഞത്. ഇതിനിടയിൽ 2024 ഡിസംബറിൽ 2ഗ്രാം എംഡിഎംഎയുമായി ഹരിതയെയും മൂന്ന് യുവാക്കളെയും എറണാകുളത്ത് ലോഡ്ജിൽ വച്ച് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
.
ഈ കേസിൽ തൊട്ടടുത്ത മാസം ജാമ്യത്തിൽ ഇറങ്ങി. ശേഷം ഒമാനിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോകുകയായിരുന്നു. അവിടെയിരുന്ന് എംഡിഎംഎ കച്ചവടത്തിന്‍റെ ഏജന്‍റായി ഹരിത പ്രവര്‍ത്തനം തുടര്‍ന്നു. അമ്മൂമ്മ കനകമ്മയുടെ അക്കൗണ്ട് ആയിരുന്നു ഹരിത ഉപയോഗിച്ചിരുന്നത്. എംഡിഎംഎയ്ക്ക് വേണ്ടി അവിനാശും ശരത്തും പണം കനകമ്മയുടെ അക്കൗണ്ടിൽ അയച്ച് കൊടുക്കുകയും ഈ പൈസ ഹരിത എംഡിഎംഎയുടെ ബംഗളൂരുവിലെ മൊത്ത വിതരണക്കാരന് അയച്ചു നൽകുകയും ചെയ്യുകയായിരുന്നു രീതി.
അവിടെ നിന്നും എറണാകുളത്ത് എത്തിക്കുന്ന എംഡിഎംഎ അഖിൽ ശശിധരനെ ഉപയോഗിച്ച് കൊല്ലത്ത് എത്തിച്ചാണ് കച്ചവടം നടത്തിയിരുന്നത്. കൊല്ലത്തെ വിതരണക്കാരും മൊത്ത കച്ചവടക്കാരനും തമ്മിൽ ഒരിക്കലും പരസ്പരം അറിയാതിരിക്കാൻ ഹരിത ശ്രദ്ധിച്ചിരുന്നു. പൈസ ഗൂഗിൾ പേ വഴി അയക്കുന്നതും സാധനം എടുക്കേണ്ട ലൊക്കേഷൻ അയച്ചു കൊടുക്കുന്നതും ഹരിതയാണ്. ഹരിതയുടെ മൊബൈൽ പരിശോധിച്ചതിൽ ലഹരി കച്ചവടം നടത്തിയതിന്‍റെ നിരവധി വിവരങ്ങൾ പൊലീസ് കണ്ടെടുത്തു.
ഇടപാടിന്‍റെ മുഖ്യ കണ്ണി ഹരിതയാണെന്നും ആൾ ഗൾഫിൽ ഇരുന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്നും മനസിലാക്കിയ പൊലീസ് ഈ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ജയിലിൽ ആയ അവിനാശിനെയും ശരത്തിനെയും ജാമ്യത്തിൽ ഇറക്കാൻ നാട്ടിലെത്തിയതാണ് ഹരിത. പൊലീസിന്‍റെ കണക്കുകൂട്ടൽ പോലെ നാട്ടിലെത്തിയ ഹരിതയെ ഇന്നലെ കൊല്ലം ജില്ലാ ജയിലിനു സമീപം വച്ച് കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ആർ ഫയാസിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐ അൻസറുദീൻ, സിപിഒമാരായ ശ്രീലാൽ, ദീപു ദാസ്, സലിം, അശ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ഈ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.


