ഫലസ്തീനെ രാഷ്ട്രമായിഅംഗീകരിച്ച് യുകെ, ഓസ്ട്രേലിയ, കാനഡ; നിർണായക തീരുമാനം യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായി
ലണ്ടൻ: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുകെയും ഓസ്ട്രേലിയയും കാനഡയും. യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം. ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ ഫലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായാണ് മൂന്നു രാജ്യങ്ങളുടെ പ്രഖ്യാപനം.
ഫലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു. സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ താൻ വ്യക്തമായി പ്രസ്താവിക്കുന്നുവെന്ന് പറഞ്ഞായിരുന്നു കിയേർ സ്റ്റാമെറിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് ബന്ദികളെ വിട്ടയക്കണമെന്നും യുകെ ആവശ്യപ്പെട്ടു.
സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, ഫലസ്തീൻ ജനതയുടെ തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള രാജ്യാന്തര ശ്രമത്തിന്റെ ഭാഗമായാണ് യുകെയുടെ പ്രഖ്യാപനമെന്ന് കിയേർ സ്റ്റാമെറുടെ ഓഫിസ് വ്യക്തമാക്കി. ചരിത്രപരമായ ചുവടുവയ്പ്പാണിത് എന്നും അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു. ഫലസ്തീനെ രാജ്യമായി അംഗീകരിച്ച ആദ്യത്തെ ജി 7 രാജ്യമാണ് കാനഡ. തൊട്ടുപിന്നാലെ ആയിരുന്നു ഓസ്ട്രേലിയയുടെ അംഗീകാരം.
.
മിഡിൽഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരാവസ്ഥയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ ദ്വിരാഷ്ട്ര പരിഹാരത്തിനായാണ് തങ്ങൾ പ്രവർത്തിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രായേലും സ്വതന്ത്രമായ ഫലസ്തീനും സാധ്യമാകണം. ഇത് രണ്ടും ഇപ്പോൾ നമുക്കില്ല. ഇസ്രായേലിലെയും ഫലസ്തീനിലെയും സാധാരണ ജനങ്ങൾ സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്.
ഗസ്സയിലെ മനുഷ്യനിർമിത മാനുഷിക പ്രതിസന്ധി വലിയ ആഴത്തിൽ എത്തിയിരിക്കുന്നു. ഇസ്രായേൽ നടത്തുന്ന കനത്ത ബോംബാക്രമണം, പട്ടിണി, പലായനം ഒന്നും ഒരിക്കലും നീതികരിക്കാവുന്നതല്ല. ഫലസ്തീന് നൽകുന്ന അംഗീകാരം ഒരിക്കലും ഹമാസിനുള്ളതല്ല. ഹമാസിന് ഭാവിയില്ല, അവർക്ക് സർക്കാരിലോ സുരക്ഷയിലോ ഒരു പങ്കാളിത്തവും ഉണ്ടാവില്ലെന്നും സ്റ്റാർമർ പറഞ്ഞു.


