രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ‘ദാദാ സാഹിബ് ഫാൽക്കെ’ പുരസ്കാരം മോഹൻലാലിന്; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ‌ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.

ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു അവാർഡ് സമ്മാനിക്കും. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്നും കുറിപ്പിൽ പറയുന്നു.
.

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ് മോഹന്‍ലാലെന്നും പതിറ്റാണ്ടുകള്‍ നീണ്ട തന്റെ സമ്പന്നമായ കലാജീവിതംകൊണ്ട് മലയാള സിനിമയുടേയും നാടകവേദിയുടേയും വഴികാട്ടിയായി അദ്ദേഹം നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമാപരമായ മികവ് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മോഹന്‍ലാലിന്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് തുടര്‍ന്നും പ്രചോദനമാകട്ടേയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
.
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അവാര്‍ഡ് ജേതാവായ മോഹന്‍ലാല്‍. ഇത് എനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ലെന്നും മലയാള സിനിമയ്ക്കും മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മലയാള ഭാഷയ്ക്കും കേരളത്തിനുമെല്ലാം ചേര്‍ന്ന് ലഭിച്ചിരിക്കുന്ന അംഗീകാരമായാണ് ഇതിനെ കണക്കാക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള വലിയൊരു അംഗീകാരത്തിന് എന്നെ തിരഞ്ഞെടുത്ത ജൂറിയോടും ഇന്ത്യയിലെ ഗവണ്‍മെന്റിനോടും നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. അതിനൊപ്പം എന്റെ പ്രേക്ഷകര്‍ക്ക്, കുടുംബത്തിന്, സിനിമ കുടുംബത്തിന്, എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഈ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നെ ഞാനാക്കിയ സംവിധായകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ ഈ സന്തോഷം പകുത്തുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.
കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻ ലാലിന്റെ ജനനം. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 2001ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും കേന്ദ്രസർക്കാർ നൽകി. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിനു ലഭിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

Share
error: Content is protected !!