‘ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാൽ സൗദി അറേബ്യ പാക്കിസ്ഥാന്റെ സഹായത്തിനെത്തും, സംയുക്തമായി പ്രതിരോധിക്കും’; ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ കരാറിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ സൗദി അറേബ്യ പാക്കിസ്ഥാന്റെ സഹായത്തിനെത്തുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സൗദി അറേബ്യയ്‌ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ ഒരു ആക്രമണമുണ്ടായാൽ, സംയുക്തമായി അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവച്ച  പ്രതിരോധ കരാറിനെ പരാമർശിച്ചാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും എന്നതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ.

‘‘കൂട്ടായ പ്രതിരോധം എന്ന നാറ്റോ കരാറിലെ ആർട്ടിക്കിൾ 5ന്  സമാനമാണിത്. അതായത്, കൂട്ടായ്മയിലെ ഒരു അംഗത്തിനു നേരെയുള്ള സൈനിക ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കരുതും. പ്രതിരോധമാണ് സൗദി അറേബ്യയുമായുള്ള കരാറിന്റെ ലക്ഷ്യം, ആക്രമണമല്ല. സൗദി അറേബ്യയ്‌ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ ആക്രമണം ഉണ്ടായാൽ, ഞങ്ങൾ സംയുക്തമായി അതിനെ പ്രതിരോധിക്കും. ഈ കരാർ ഏതെങ്കിലും ആക്രമണത്തിന് ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല’’ – ഖ്വാജ ആസിഫ് പറഞ്ഞു.

പാക്കിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യയുടെ ഉപയോഗത്തിനായി ലഭ്യമാക്കും എന്നതാണ് കരാറിലെ മറ്റൊരു പ്രധാന വ്യവസ്ഥ. ഇന്ത്യയ്‌ക്കെതിരെ മാത്രം ഉപയോഗിക്കാനാണ് തങ്ങളുടെ ആണവായുധങ്ങളെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപിത നയത്തിൽ നിന്നുള്ള വലിയ മാറ്റമാണിത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യ, സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2024-25 വർഷത്തിൽ 4,188 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്.

Share
error: Content is protected !!