ആഗോള അയ്യപ്പ സംഗമത്തിന് പ​മ്പ മ​ണ​പ്പുറ​ത്ത് തുടക്കം; മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ചടങ്ങിനെത്തിയത് ഒരേ കാറിൽ, ആശംസൾ നേർന്ന് യോ​ഗി

പത്തനംതിട്ട: ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ചു. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിലാണ് എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിലായിരുന്നു ഇരുവരും വേദിയിലേക്ക് എത്തിയത്‌. 3500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പ്രവേശനം.
.
ശബരിമലക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വേര്‍തിരിവുകള്‍ക്കും ജാതിമതഭേദമില്ലാതെ മതാതീത ആത്മമീയതയെ ഉത്‌ഘോഷിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ്. ആ നിലയ്ക്ക് ശബരിമലയെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
.
തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏകപക്ഷീയമായി സങ്കല്‍പ്പിച്ച് നടപ്പിലാക്കുകയല്ല ചെയ്യുന്നത്. ഭക്തജനങ്ങളില്‍ നിന്ന് തന്നെ മനസ്സിലാക്കി ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തിലാണ് ഈ സംഗമം. ഇതിനോട് ഭക്തജനങ്ങള്‍ സര്‍വ്വാത്മനാ സഹകരിക്കുന്നുവെന്നത് സന്തോഷകരമാണ്. യഥാര്‍ത്ഥ ഭക്തര്‍ക്ക് ഇങ്ങനെയേ ചെയ്യാനാകൂ. ഭക്തിപരിവേഷമണിയുന്നവര്‍ക്ക് പ്രത്യേക അജണ്ടയും താത്പര്യങ്ങളും ഉണ്ടാകും. അവര്‍ ഭക്തജന സംഗമം തടയാന്‍ എല്ലാ പരിശ്രമങ്ങളും നടത്തിനോക്കി. പക്ഷേ വിജയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
.
യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അവരുടെ സ്വഭാവം ഭഗവദ്ഗീത തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പറയുകയുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രി ഭഗവദ് ഗീതയില്‍നിന്നുള്ള ശ്ലോകങ്ങള്‍ ഉദ്ധരിച്ചു. ഭക്തിയുള്ളവരുടെ സംഗമമാണ് ഇത്. ഗീതയിലെ ഭക്തിസങ്കല്‍പ്പം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സംഗമം. മതനിരപേക്ഷമൂല്യങ്ങളുടെ വിശുദ്ധിയില്‍ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം. എല്ലാവരും ഒന്നാണെന്ന ബോധം തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം.
.
ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും നടക്കും. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. സംഗമത്തിന്റെ പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും സംഘപരിവാര്‍ സംഘടനകളും പങ്കെടുക്കുന്നില്ല. പന്തളം കൊട്ടാരം പ്രതിനിധികളും സംഗമത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
.
അതേസമയം ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അയ്യപ്പ സംഗമത്തിന് ആശംസകളറിയിച്ചിട്ടുണ്ട്. മന്ത്രി വി.എന്‍.വാസവന്‍ യോഗിയെ സംഗമത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായുള്ള കത്തിലാണ് യോഗി ആദിത്യനാഥ് ആശംസകളറിയിച്ചത്. അയ്യപ്പസംഗമം വിജയിക്കട്ടെ എന്നായിരുന്നു ദേവസ്വം മന്ത്രി വി.എൻ വാസവനയച്ച കത്തിൽ യോഗിയുടെ ആശംസ. കത്ത് ഉദ്ഘാടന വേദിയിൽ മന്ത്രി വായിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ 16ാം തീയതിയാണ് യോഗി ആദിത്യനാഥ് മന്ത്രി വാസവന് കത്തയച്ചത്. തന്നെ അയ്യപ്പസംഗമത്തിന് ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും സംഗമം വിജയിക്കട്ടെ എന്നും യോഗി കത്തിൽ കുറിച്ചിട്ടുണ്ട്. ‘ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് നന്ദി. പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. അഗോള അയ്യപ്പ സംഗമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ യോഗി ആദിത്യനാഥ് കത്തിൽ കുറിച്ചു.

Share
error: Content is protected !!