115 വിമാനങ്ങൾ, ദിവസേന 500-ല്‍ അധികം സർവീസുകൾ: എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അയാട്ട അംഗത്വം; ഇനി യാത്രകൾ കൂടുതൽ മെച്ചപ്പെടും

വിമാനയാത്രാ രംഗത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുതിയ നേട്ടം. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ (അയാട്ട) ഔദ്യോഗികമായി അംഗത്വമെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വിമാന കമ്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഈ നേട്ടം ഏറെ നിർണായകമാണ്.

ലോകത്തെ 120-ല്‍ അധികം രാജ്യങ്ങളിലെ 350-ഓളം വിമാന കമ്പനികളെയാണ് അയാട്ട പ്രതിനിധീകരിക്കുന്നത്. ലോകത്തെ വിമാനയാത്രാ ഗതാഗതത്തിന്‍റെ 80 ശതമാനത്തിലധികം നിയന്ത്രിക്കുന്നത് ഈ കൂട്ടായ്മയാണ്. 900-ല്‍ അധികം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഓഡിറ്റുകള്‍ (ഐഒഎസ്എ) വിജയകരമായി പൂർത്തിയാക്കുന്ന കമ്പനികൾക്ക് മാത്രമേ അയാട്ടയിൽ അംഗത്വം ലഭിക്കൂ.

അയാട്ട അംഗത്വം ലഭിച്ചതോടെ വിമാനയാത്രകള്‍ കൂടുതൽ മെച്ചപ്പെടുത്താനും ലോകമെമ്പാടുമുള്ള അയാട്ടയുടെ ബില്ലിങ്, സെറ്റിൽമെന്റ് പദ്ധതികളിൽ സജീവ പങ്കാളിയാകാനും എയർ ഇന്ത്യ എക്സ്പ്രസിന് സാധിക്കും. ഇത് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ആഗോള സാന്നിധ്യം കൂടുതൽ ശക്തമാക്കും.

115 വിമാനങ്ങളുമായി ദിവസേന 500-ല്‍ അധികം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ നടത്തുന്നത്. മിഡില്‍ ഈസ്റ്റ്, തെക്ക് കിഴക്കന്‍ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലെ 41 ആഭ്യന്തര, 17 രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് സർവീസുകളുണ്ട്.

അയാട്ട കുടുംബത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ സ്വാഗതം ചെയ്യുന്നതായി അയാട്ടയുടെ ഏഷ്യ പസഫിക് മേഖലാ വൈസ് പ്രസിഡന്റ് ഷെല്‍ഡണ്‍ ഹീ പറഞ്ഞു. അയാട്ട കുടുംബത്തിന്‍റെ ഭാഗമാകുന്നത് അഭിമാനകരമായ നിമിഷമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിങ് ഡയറക്ടര്‍ അലോക് സിങ്ങും പ്രതികരിച്ചു.

Share