മെസ്സി കൊച്ചിയിൽ പന്തുതട്ടും! അർജൻ്റീനയെ കലൂരിൽ കളിപ്പിക്കാൻ സർക്കാർ നീക്കം
കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും കൂട്ടരും കൊച്ചിയിൽ കളിച്ചേക്കും. കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നേരത്തെ തിരുവനന്തപുരത്ത് വെച്ച് മത്സരം നടത്താനാണ് ആലോചിച്ചിരുന്നത്.
അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) അടുത്തിടെയാണ് അർജന്റീന ടീം കേരളത്തിലെത്തുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ വേദികൾ സംബന്ധിച്ച വിവരങ്ങൾ എഎഫ്എ അവരുടെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടു.
നവംബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങൾ നടക്കുന്നത്. കേരളത്തിന് പുറമെ അംഗോളയിലും ടീം കളിക്കും. മെസ്സിയുടെ ടീമിന്റെ എതിരാളികൾ ആരൊക്കെയാണെന്ന് തീരുമാനമായിട്ടില്ല. ഒക്ടോബറിൽ അമേരിക്കയിലാണ് അർജന്റീനയുടെ അടുത്ത മത്സരം.


