ദുബായിൽ നിന്ന് മലയാളി വിവരം നൽകി; നാട്ടിലെത്തിയ യാത്രക്കാരനെ വിമാനത്താവളത്തിൽ വെച്ച് ആക്രമിച്ചു സ്വർണം കവർന്നു; സഹോദരങ്ങളുൾപ്പെടെ 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിയെ വിമാനത്താവള പരിസരത്ത് വച്ച് ആക്രമിച്ചശേഷം ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ കൊല്ലം സ്വദേശികളായ നാല് യുവാക്കളെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു.

കൊല്ലം കുളത്തുപ്പുഴ ഗവണ്‍മെന്റ് യുപിഎസിന് സമീപം പതിനാറേക്കറില്‍ നവാസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അലി(22), ഇയാളുടെ സഹോദരന്‍ മുഹമ്മദ് അഷ്‌ക്കര്‍(20), കുളത്തുപ്പുഴ പിടിഒ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ നെല്ലിമുട് അഫ്സല്‍ മന്‍സിലില്‍ മുഹമ്മദ് അഫ്സല്‍(23), കൊല്ലം തിങ്കള്‍ കരിക്കകം പതിനാറാം വാര്‍ഡില്‍ വലിയേല വട്ടക്കരിക്കകത്ത് ബദനി എല്‍പിഎസിന് സമീപം കൂരിക്കാട്ടില്‍ വീട്ടില്‍ ആല്‍വിന്‍(19) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

തമിഴ്നാട് വെല്ലൂര്‍ സിഎംസി ആശുപത്രിക്കു സമീപം ആര്‍ഡി തെരുവില്‍ സര്‍ദാര്‍ ബാഷയെയാണ്(42) ഇവര്‍ ആക്രമിച്ചശേഷം സ്വര്‍ണമുണ്ടെന്ന് കരുതിയ ബാഗുമായി കാറില്‍ രക്ഷപ്പെട്ടത്. (ചിത്രത്തിൽ പ്രതികളായ ആൽവിൻ,മുഹമ്മദ് അഫ്സൽ,മുഹമ്മദ് അഷ്‌ക്കർ,മുഹമ്മദ് അലി)
.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു സര്‍ദാര്‍ ബാഷ. ഇയാള്‍ പുറത്തിറങ്ങിയശേഷം വിമാനത്താവള പരിസരത്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനെത്തിയ തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശികളായ യുവാക്കളുമായി നില്‍ക്കുമ്പോഴായിരുന്നു നാലംഗ സംഘമെത്തിയത്. തുടര്‍ന്ന് സര്‍ദാര്‍ബാഷയോട് കൊണ്ടുവന്ന സ്വര്‍ണം തരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെന്നറിയിച്ചതോടെ നാലംഗ സംഘം സര്‍ദാര്‍ ബാഷയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ആക്രമിച്ചശേഷം ഹാന്‍ഡ് ബാഗുകളിലൊന്നുമായി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. താന്‍ കൊണ്ടുവന്ന രണ്ടുഗ്രാമിന്റെ ഒരു ജോടി കമ്മലുകളും രണ്ടുഗ്രാമിന്റെ ചെയിനും നാലംഗ സംഘം തട്ടിയെടുത്ത് രക്ഷപ്പെട്ടുവെന്ന് കാണിച്ച് വലിയതുറ പോലീസില്‍ പരാതി നല്‍കി.
.
വലിയതുറ എസ്.എച്ച്.ഒ. വി. അശോക കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ ഇന്‍സമാം, ജയശ്രീ, അജേഷ് കുമാര്‍, സി.പി.ഒ.മാരായ കിഷോര്‍, വരുണ്‍, നാസിമുദീന്‍ എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യം ആല്‍വിനെയും തുടര്‍ന്ന് മറ്റ് പ്രതികളെയും പിടികൂടുകയായിരുന്നു. പ്രതികളില്‍ മുഹമ്മദ് അഷ്‌ക്കറിന്റെ ബന്ധുവിലൊരാള്‍ ദുബായിലുണ്ട്. ഇയാളായിരുന്നു സര്‍ദാര്‍ ബാഷ സ്വര്‍ണവുമായി തിരുവനന്തപുരത്ത് വിമാനമിറങ്ങുന്നുവെന്ന് അഷ്‌ക്കറിനെ അറിയിച്ചിരുന്നത്. ഒപ്പം സര്‍ദാര്‍ ബാഷയുടെ ഫോട്ടോയും അയച്ചുകൊടുത്തിരുന്നു. ഇതേ തുടര്‍ന്ന് അഷ്‌ക്കറിന്റെ നേതൃത്വത്തില്‍ വാടകയ്ക്കെടുത്ത കാറിലായിരുന്നു ഇവര്‍ വിമാനത്താവള പരിസരത്തെത്തിയത്. തുടര്‍ന്നാണ് വിമാനത്താവള പരിസരതെത്തിയ ഇവര്‍ സര്‍ദാര്‍ ബാഷയെ തിരിച്ചറിഞ്ഞശേഷം ഹാന്‍ഡ് ബാഗുമായി രക്ഷപ്പെട്ടത്.

ബാഗിനുളളില്‍ സ്വര്‍ണമുണ്ടായിരുന്നില്ലെന്നും ഉപയോഗിച്ച വസ്ത്രങ്ങളുമാണുണ്ടായിരുന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണം കവര്‍ന്നുവെന്നതില്‍ ഇനിയും വ്യക്തവരുത്താനുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share
error: Content is protected !!