ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂ, പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ വീണ്ടും വിമർശനമുന്നയിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ
കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. വോട്ടർമാർക്ക് യാതൊരു വിവരവുമില്ല എങ്ങനെ സംഭവിച്ചുവെന്ന്. കർണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകൾ ഒഴിവാക്കിയത്. ഗോദാഭായിയെന്ന വോട്ടർ തൻ്റെ വോട്ട്’ ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കോൺഗ്രസിനു വോട്ടു ചെയ്യുന്നവരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുൽ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തു. വോട്ടുകൊള്ളയിൽ അന്വേഷണത്തിനായി മുഴുവൻ വിവരങ്ങളും നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കർണാടക സിഐഡി നിരവധി തവണ കത്ത് നൽകി. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരം നൽകിയില്ല. കർണാടകയിലെ വിവരം ഒരാഴ്ചക്കകം തിരഞ്ഞെടുപ്പ് കമ്മിഷൻ സിഐഡിക്ക് നൽകണമെന്നും രാഹുൽ പറഞ്ഞു.
.
മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേർക്കപ്പെട്ടവരുടെ വിവരമുള്ളത്. വ്യാജ ലോഗിൻ ഉപയോഗിച്ചാണ് തട്ടിപ്പു നടക്കുന്നത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതും കൂട്ടിച്ചേർക്കുന്നതും വോട്ടർമാർ അറിയുന്നില്ല – രാഹുൽ ആരോപിച്ചു.
.
.


