തൊഴിൽ നിയമങ്ങളിൽ വീണ്ടും ഭേദഗതി വരുത്തി സൗദി; അറിയണം പുതിയ മാറ്റങ്ങൾ

ദമ്മാം: സൗദിയിൽ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി മാനവ വിഭവശേഷി മന്ത്രാലയം. വർക്ക് പെർമിറ്റില്ലാതെ വിദേശ തൊഴിലാളിയെ നിയമിച്ചാൽ 10,000 റിയാൽ പിഴ ചുമത്തും. അൻപതിൽ കൂടുതൽ വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുട്ടികൾക്കായി നഴ്സറി സൗകര്യമൊരുക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു. പ്രസവാവധി ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ആയിരം റിയാൽ പിഴയുൾപ്പെടെയുള്ള നടപടികൾക്കും പുതുക്കിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

വിവിധ നിയമലംഘനങ്ങളുടെ ശിക്ഷകൾ സംബന്ധിച്ച കരട് പട്ടികയിലാണ് മന്ത്രാലയം ഭേദഗതി വരുത്തിയത്. ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും, തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കടുത്ത ശിക്ഷകളാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. 20 ജീവനക്കാരോ അതിൽ കുറവോ ഉള്ള സ്ഥാപനങ്ങൾ, 21-നും 49-നും ഇടയിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, 50-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ശിക്ഷാ നടപടികൾ നിശ്ചയിച്ചിരിക്കുന്നത്.

തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, ആരോഗ്യപരവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമ ഭേദഗതിയെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ ജോലിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള യൂണിഫോം കമ്പനികൾ ഉറപ്പുവരുത്തണമെന്നും നിയമം നിഷ്‌കർഷിക്കുന്നുണ്ട്.

Share
error: Content is protected !!