തെളിവുകളോ രേഖകളോ ഇല്ല; വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

തൃശ്ശൂര്‍: ലോക്​സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. തൃശ്ശൂരില്‍ സുരേഷ് ഗോപിയും കുടുംബവും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തതുമായി ബന്ധപ്പെട്ട് മുൻ എം.പി ടി.എന്‍. പ്രതാപനാണ് പരാതി നല്‍കിയത്.

സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചുകൊണ്ടാണെന്നും സത്യവാങ് മൂലം നല്‍കിയത് വ്യാജമായിരുന്നുവെന്നും തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ടി.എന്‍ പ്രതാപന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പ്രാഥമികമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് കേസെടുക്കാന്‍ സാധ്യമല്ലെന്ന നിലപാട് പോലീസ് അറിയിച്ചിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കത്തക്ക വിധത്തിലുള്ള രേഖകളോ തെളിവുകളോ ലഭിച്ചിട്ടില്ല എന്ന് പോലീസ് പറഞ്ഞു.
കൂടാതെ, വ്യാജരേഖ ചമച്ചതായുള്ള പരാതി നല്‍കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷമം പോലീസ് സാധ്യമല്ലെന്നും പരാതി നല്‍കിയ ടി.എന്‍ പ്രതാപനെ അറിയിച്ചു.
Share
error: Content is protected !!