സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു; ഡിജിറ്റൽ പേയ്മെൻ്റ് മേഖലയിലെ വൻ മുന്നേറ്റം;
റിയാദ്: സൗദി അറേബ്യയിൽ Google Pay സേവനം ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തെ ദേശീയ പേയ്മെന്റ് സംവിധാനമായ “മാഡ” (mada) വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന Money20/20 മിഡിൽ ഈസ്റ്റ് കോൺഫറൻസിലാണ് സൗദി സെൻട്രൽ ബാങ്ക് (SAMA) ഈ പ്രഖ്യാപനം നടത്തിയത്.
സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള സാമ്പത്തിക വികസന പരിപാടികളുടെ ലക്ഷ്യങ്ങൾക്കനുസരിച്ചാണ് ഈ പുതിയ സംരംഭം. കറൻസി നോട്ടുകളുടെ ഉപയോഗം കുറച്ചുകൊണ്ട്, പണരഹിത സമൂഹം കെട്ടിപ്പടുക്കാനുള്ള സൗദി സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങൾക്ക് ഇത് കൂടുതൽ ശക്തി പകരും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
ഗൂഗിൾ വാലറ്റ് ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ മാഡ കാർഡുകളും ഡിജിറ്റൽ ക്രെഡിറ്റ് കാർഡുകളും എളുപ്പത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യാനാകും. സ്മാർട്ട് ഉപകരണങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും, സാമ്പത്തിക രംഗത്ത് കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും ഈ സേവനം സഹായിക്കും. ഏറ്റവും പുതിയ പേയ്മെന്റ് രീതികൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് ഇത് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കും.
സൗദി വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗൂഗിൾ പേ പോലുള്ള നിരവധി സംരംഭങ്ങൾ ആവിഷ്കരിച്ചുവരികയാണ്. ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് ഒരു ആഗോള നേതാവെന്ന നിലയിൽ സൗദിയുടെ സ്ഥാനം ഈ നീക്കം കൂടുതൽ ശക്തിപ്പെടുത്തും. കൂടാതെ, ലോകമെമ്പാടുമുള്ള ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ വളർച്ചയ്ക്ക് ഇത് പ്രചോദനമാകുമെന്നും പ്രതീക്ഷിക്കുന്നു.
2026-ഓടെ അലിപേ+ സേവനം മാഡ വഴി ലഭ്യമാക്കാനുള്ള കരാറിലും സൗദി സെൻട്രൽ ബാങ്കും (SAMA) ആന്റ് ഇന്റർനാഷണലും ഒപ്പുവച്ചു. ഈ നീക്കം സൗദി അറേബ്യ സന്ദർശിക്കുന്ന വിദേശികൾക്കും അലിപേ+ നെറ്റ്വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ആഗോള ഡിജിറ്റൽ പേയ്മെന്റ് വാലറ്റുകൾ ഉപയോഗിക്കുന്നവർക്കും ഏറെ പ്രയോജനകരമാകും. രാജ്യത്തെ വിവിധ സ്റ്റോറുകളിൽ വിപുലവും സുരക്ഷിതവുമായ പേയ്മെന്റുകൾ നടത്താൻ ഇത് സൗകര്യമൊരുക്കും.


