ഭാര്യ ആൺസുഹൃത്തിൻ്റെ പിറന്നാളാഘോഷത്തിൽ, വീഡിയോ FB-യിൽ പങ്കുവെച്ചു; നടുറോഡിൽ വെടിവെച്ച് കൊന്ന് യുവാവ്
ഭോപ്പാല്‍: ഭാര്യയെ നടുറോഡില്‍ പട്ടാപ്പകല്‍ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. നന്ദിനി(28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. ഇവര്‍ക്കുനേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിനിയും അരവിന്ദും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അരവിന്ദിനെതിരേ പോലീസില്‍ പരാതി നല്‍കിയശേഷം സുഹൃത്തുക്കളായ അങ്കുഷിനും കല്ലുവിനുമൊപ്പം മടങ്ങിവരുന്നതിടെയാണ് നന്ദിനിക്ക് വെടിയേറ്റത്.
2023-ലാണ് നന്ദിനിയും അരവിന്ദും വിവാഹിതരായത്. എന്നാല്‍, വൈകാതെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായി. അരവിന്ദിന് വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ ഒരു യുവതിയുമായി അടുപ്പമുണ്ടെന്ന് നന്ദിനി കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു ഇത്. തുടര്‍ന്ന് നന്ദിനി അരവിന്ദിനെതിരേ പരാതി നല്‍കി.
നന്ദിനിയും അരവിന്ദും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായതോടെ അരവിന്ദ് യുവതിയെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. നന്ദിനിയുടെ പരാതിക്ക് പിന്നാലെ അരവിന്ദ് അറസ്റ്റിലായി. പുറത്തിറങ്ങിയിട്ടും നന്ദിനിയെ ഉപദ്രവിക്കുന്നത് അരവിന്ദ് തുടര്‍ന്നുവെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ച എസ്പി ഓഫീസിലെത്തി പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്ന് മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു. അരവിന്ദുമായുള്ള പ്രശ്‌നങ്ങള്‍ക്കുശേഷം ഡല്‍ഹിയിലായിരുന്നു നന്ദിനി താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതും.
വെള്ളിയാഴ്ച നന്ദിനിയും അങ്കുഷും കല്ലുവും സഞ്ചരിച്ച ഓട്ടോറിക്ഷയെ മറ്റൊരു ഓട്ടോയില്‍ പിന്തുടര്‍ന്ന അരവിന്ദ്, വാഹനം തടഞ്ഞുനിര്‍ത്തിയാണ് വെടിവെച്ചത്. അഞ്ചുവട്ടം വെടിയുതിര്‍ത്തു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുമണിക്കൂറിനുശേഷം നന്ദിനി മരിച്ചു. സ്ഥലത്തെത്തിയ പോലീസിനു നേരെയും അരവിന്ദ് തോക്കുചൂണ്ടി. എന്നാല്‍, പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.


