അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റില്ലെന്ന് ഹൈക്കോടതി; വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാന്‍സ് കേസില്‍ സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്‍സ് കേസില്‍ സര്‍ക്കരിന് തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന സർക്കാരിൻ്റെ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എസ്പി എസ്.ശശിധരന് തുടരും. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനായിരുന്നു സര്‍ക്കാര്‍ നീക്കം.
എന്നാല്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കുമ്പോള്‍ സ്വഭാവികമായും അന്വേഷണം കൂടുതല്‍ നീണ്ടുപോകുമെന്ന് ആരോപണമുണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
ഈ കേസുമായി ബന്ധപ്പെട്ട് ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഒരു ഹരജിയില്‍ ആവശ്യപ്പെട്ടത്. പക്ഷെ ശശിധരന് തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതിന് പിന്നില്‍ ചില രാഷ്ട്രീയ താത്പര്യങ്ങളുണ്ട് എന്ന് തുടങ്ങിയ പരാതിക്കാരന്റെ വാദമാണ് കോടതി പരിഗണിച്ചത്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറ്റ് ചില വ്യക്തികൾക്കുമെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേടുകളാണ്. പിന്നാക്ക സമുദായക്കാരുടെ ഉന്നമനത്തിനായി മൈക്രോഫിനാൻസ് പദ്ധതിയിലൂടെ സർക്കാർ നൽകിയ 15.85 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
എസ്എൻഡിപി യൂണിയൻ നേതാക്കളും കേരള സ്റ്റേറ്റ് ബാക്ക്വേർഡ് ക്ലാസ്സസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (KSBCDC) മുൻ മാനേജിംഗ് ഡയറക്ടർമാരും ചേർന്ന് സർക്കാർ ഈഴവ സമുദായത്തിൻ്റെ ഉന്നമനത്തിനായി അനുവദിച്ച 15.85 കോടി രൂപ അവർക്ക് നൽകാതെ ദുരുപയോഗം ചെയ്തു, വ്യാജ രേഖകളുണ്ടാക്കി, ഫണ്ടുകൾ യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിന് പകരം ഉയർന്ന പലിശയ്ക്ക് സ്വകാര്യ വ്യക്തികൾക്ക് വായ്പ നൽകി എന്നെല്ലാമാണ് ആരോപണങ്ങൾ.
അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിജിലൻസിന് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിക്കുകയും പിന്നീട് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. അഴിമതിക്ക് എതിരായ നിലപാട് സ്വീകരിച്ച വി.എസ്. അച്യുതാനന്ദൻ, മൈക്രോഫിനാൻസ് പദ്ധതിയിലൂടെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന പണം വഴിതിരിച്ചുവിട്ടുവെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.


