അയ്യപ്പ സംഗമത്തിന് പിറകെ ന്യൂനപക്ഷസംഗമം: സർക്കാരിൻ്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത് സമസ്ത നേതാക്കൾ; സംശയം പ്രകടിപ്പിച്ച് മുസ്ലീം നേതാക്കൾ

കോഴിക്കോട്: അയ്യപ്പ സംഗമത്തിന് പിറകെ ന്യൂനപക്ഷ സംഗമം നടത്താനുളള സർക്കാർ നിലപാടിൽ സംശയം പ്രകടിപ്പിച്ച് മുസ്ലീം നേതാക്കൾ. സമുദായങ്ങളെ വേർതിരിച്ച് സംഗമങ്ങൾ നടത്തുന്നത് കേരളത്തിൽ വർഗീയധ്രുവീകരണത്തിന് ലക്ഷ്യംവെക്കുന്നവർക്ക് അവസരം നൽകുന്നതാണെന്ന വിമർശനവുമായി സമസ്ത നേതാക്കൾ രംഗത്തെത്തി. ന്യൂനപക്ഷ സംഗമം നടത്തുന്നതിലെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്തുകൊണ്ടാണ് നേതാക്കൾ രംഗത്തെത്തിയത്. സർക്കാർ ജനങ്ങളിലേക്കു വരുമ്പോൾ ജാതിയും മതവും സമുദായവുമൊക്കെയായി വേറിട്ടുനിർത്തുന്നതെന്തിനാണെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ന്യൂനപക്ഷക്കാരനും ഭൂരിപക്ഷക്കാരനും പിന്നാക്കക്കാരനും മുന്നാക്കക്കാരനുമുൾപ്പെടെ വോട്ടവകാശമുള്ള മലയാളികളെല്ലാം ചേർന്നാണ് സർക്കാരിന് വോട്ടുചെയ്തത്. സമുദായങ്ങളെ തരംതിരിച്ച് അഭിസംബോധന ചെയ്യുന്നത് ആർക്കാണ് ഗുണംചെയ്യുകയെന്നും സത്താർ പന്തല്ലൂർ ചോദിക്കുന്നു.
.
സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് എസ്‌വൈഎസ് സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോലീസ് മർദനങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണോ ഈ സംഗമങ്ങൾ. മുസ്‌ലിംസംഘടനകളാരും ഇങ്ങനെയൊരു സംഗമം നടത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ന്യൂനപക്ഷസംഗമത്തെ തെറ്റായ രീതിയിൽ കാണേണ്ടതില്ലെന്ന് സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം പറഞ്ഞു. ചിലപ്പോൾ നല്ല ഉദ്ദേശ്യവുമാവാം. എല്ലാം സംശയത്തോടെ കാണേണ്ടതില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
.
അബ്ദുസമദ് പൂക്കോട്ടൂർ മുസ്‌ലിംലീഗ് അനുകൂലിയാണെങ്കിലും സമസ്തയിൽ പൊതുവെ സിപിഎം അനുകൂലപക്ഷത്തായും മുസ്‌ലിംലീഗിന്റെ വിമർശകനുമായാണ് സത്താർ പന്തല്ലൂരിനെ വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷസംഗമത്തിൽ വ്യക്തത വരട്ടെയെന്ന നിലപാടിലാണ് കെഎൻഎം ഉൾപ്പെടെയുള്ള ചില സംഘടനകൾ. എന്നാൽ, 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മുസ്‌ലിംസമുദായത്തിനുണ്ടായിട്ടുള്ള നഷ്ടങ്ങൾ പരിഹരിച്ചുകൊണ്ടുവേണം സംസ്ഥാനസർക്കാർ ന്യൂനപക്ഷസംഗമം സംഘടിപ്പിക്കാനെന്ന് കെഎൻഎം മർകസുദഅവ സംസ്ഥാനസെക്രട്ടേറിയറ്റ് വ്യക്തമാക്കി. മുസ്‌ലിംസമുദായം അനർഹമായി പലതും നേടിയെടുത്തതായി ആക്ഷേപം ഉന്നയിക്കപ്പെട്ടപ്പോൾ ആക്ഷേപകർക്ക് ശക്തിപകരുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. മുസ്‌ലിങ്ങൾക്കെതിരേ നിരന്തരമായി വർഗീയാധിക്ഷേപം നടത്തിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും മുസ്‌ലിങ്ങൾക്കെതിരേ കള്ളക്കേസുകൾ ചുമത്തുകയുംവഴി കടുത്ത വിവേചനമാണ് സംസ്ഥാനസർക്കാർ ചെയ്തിട്ടുള്ളതെന്നും മർകസുദഅവ ആരോപിച്ചു.

Share
error: Content is protected !!