സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ട് കുട്ടിയുടെ കാർ യാത്ര; റോഡിലെ ബാരിയറിൽ തലയിടിച്ചു | VIDEO
സണ്‍റൂഫ് ഉള്ള വാഹനങ്ങളില്‍ പുറത്തെ ദൃശ്യങ്ങൾ കാണുന്നതിനായി കുട്ടികളെ സീറ്റില്‍ കയറ്റി നിര്‍ത്തിക്കൊണ്ട് വാഹനം ഓടിച്ചു പോകുന്നത് നിരത്തുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ, വാഹനം ആടി ഉലയുമ്പോഴോ പെട്ടെന്ന് ബ്രേക്ക് ഇടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ച് പോകുകയും ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാന്‍ ഉള്ള സാധ്യത ഇതിൽ വളരെ കൂടുതലാണ്. അത്തരം യാത്രകളുടെ അപകടം വളരെ വലുതാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിക്കുന്നത്.
ഓടുന്ന കാറിന്റെ സൺറൂഫിലൂടെ പുറത്തേക്ക് തലയിട്ട ആൺകുട്ടി മുകളിലുണ്ടായിരുന്ന ബാരിയറിൽ ഇടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ശനിയാഴ്ച ബെംഗളൂരു നഗരത്തിലെ വിദ്യാരണ്യപുരയിൽ നടന്ന സംഭവം റോഡ് സുരക്ഷയേയും രക്ഷിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.
ചുവപ്പ് നിറത്തിലുള്ള കാറിന്റെ സൺറൂഫിന് പുറത്തേക്ക് തലയിട്ടു നിൽക്കുന്ന കുട്ടിയെ ദൃശ്യങ്ങളിൽ കാണാം. വാഹനം മുന്നോട്ടുപോകവേ, റോഡിൽ സ്ഥാപിച്ചിരുന്ന ബാരിയറിൽ കുട്ടിയുടെ തല ഇടിക്കുന്നതും വീഡിയോയിലുണ്ട്.
.
Video from GKVK road , Vidyaranyapura , Bengaluru .
A kid got hit by a barricade while standing on an open sun roof .
Please stop the stupidity of making your kids poke their heads through the sun roof ! pic.twitter.com/v7dPZlkwD5
— Prashanth Rangaswamy (@itisprashanth) September 7, 2025
.
ബിഎൻഎസ്-ലെ 281-ാം വകുപ്പ് (അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിക്കൽ) പ്രകാരം സ്വമേധയാ കേസെടുത്തതായും ആറ് വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ സഹോദരീഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. കാറിൽ ഒരു സ്ത്രീയും യാത്രക്കാരിയായി ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
എക്സിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേർ പ്രതികരിച്ചു. ‘അടുത്ത തവണ കുട്ടികളെ തല പുറത്തേക്കിടാൻ അനുവദിക്കുമ്പോൾ ഒന്നുകൂടി ചിന്തിക്കുക’ എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ‘കുട്ടികളെ സൺറൂഫിലൂടെ തല പുറത്തേക്കിടീക്കുന്ന ഈ വിഡ്ഢിത്തം ദയവായി നിർത്തുക’ എന്ന് മറ്റൊരാൾ പറഞ്ഞു. ‘സൂര്യരശ്മി അകത്തേക്ക് വരട്ടെ, നിങ്ങളുടെ കുട്ടി പുറത്തേക്ക് പോകരുത്’ എന്ന് വേറൊരാൾ പോസ്റ്റ് ചെയ്തു. ‘സൺറൂഫുകൾ നിൽക്കാനോ കളിക്കാനോ ഉള്ളതല്ല എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. വേദനയിലൂടെ ഒരു പാഠം പഠിക്കാൻ കാത്തിരിക്കരുത്… എപ്പോഴും സുരക്ഷയ്ക്ക് മുൻഗണന നൽകുക’ എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.
എന്തുതന്നെയായാലും, യാത്രകളില്‍ പക്വതയില്ലാത്ത കുഞ്ഞുങ്ങളുടെ നിര്‍ബന്ധം മൂലം ഇത്തരത്തിലുള്ള അപകടകരമായ പ്രവര്‍ത്തികള്‍ തടയേണ്ടത് ഉത്തരവാദിത്വമുള്ള രക്ഷിതാക്കളുടെ കടമയാണെന്ന ഓർമപ്പെടുത്തലാണ് ഈ സംഭവം.


