ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെയും കുഞ്ഞിന്റെയും കേസ് വഴിത്തിരിവിലേക്ക്; ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടിസ്

ഷാർജ: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി വിപഞ്ചിക മണിയന്റെ(33)യും ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെയും കേസ് വഴിത്തിരിവിലേക്ക്. കേരള ക്രൈംബ്രാഞ്ച് പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. യുഎഇയിൽ താമസിക്കുന്ന ഇയാളെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിക്കാനാണ് നീക്കം.

ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായിരുന്ന നിതീഷ് ഇപ്പോഴും യുഎഇയിൽ തന്നെയാണുള്ളത്. കഴിഞ്ഞ ജൂലൈ 8-നാണ് ഷാർജയിലെ അൽ നഹ്ദയിലുള്ള അപ്പാർട്മെന്റിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക, വൈഭവി  എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ വീട്ടുജോലിക്കാരി അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഷാർജയിലെ ഫൊറൻസിക് റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയും അമ്മ തൂങ്ങിമരിച്ചുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. നിതീഷ് മറ്റൊരു സ്ഥലത്തായിരുന്നു താമസം. ദിവസങ്ങളോളം ഷാർജ  മോർച്ചറിയിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് വിപഞ്ചികയുടെ കുടുംബം ആഗ്രഹിച്ചപ്പോൾ, ദുബായിൽ തന്നെ സംസ്കരിക്കണമെന്ന് നിതീഷ് വാശി പിടിക്കുകയായിരുന്നു.

Share
error: Content is protected !!